ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണമില്ല ; യുവജന കമ്മീഷന് 18 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നനിടെ യുവജന കമ്മീഷന് 18 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. കഴിഞ്ഞ ബജറ്റിൽ അനുവദിച്ച 76.6 ലക്ഷം രൂപയ്‌ക്ക് പുറമെയാണ് വീണ്ടും തുക അനുവദിച്ചത്. കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം കത്ത് നൽകിയിരുന്നു.

പണമില്ലാത്തതിനാൽ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ കഴിയുന്നില്ലെന്ന് കാട്ടി 26 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചിന്ത ജോറോം ധനവകുപ്പിന് കത്ത് നൽകിയത്. തുടർന്നാണ് നടപടി. 18 ലക്ഷം രൂപയാണ് ആദ്യ ഘട്ടത്തിൽ അനുവദിച്ചിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള പ്രവർത്തനത്തിൽ ഇതുവരെ 1.03 കോടി രൂപയിലധികം യുവജന കമ്മീഷന് മാത്രമായി സർക്കാർ നൽകിയിട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതിനിടെയാണ് 18 ലക്ഷം രൂപ യുവജന കമ്മീഷന് അനുവദിച്ചിരിക്കുന്നത്. പത്ത് ലക്ഷം രൂപയിലധികം തുകയുള്ള ബില്ലുകൾ ട്രെഷറി വഴി മാറുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി തേടണമെന്ന സർക്കുലർ കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയിരുന്നു.