സിദ്ധാര്‍ഥനെ ആക്രമിച്ച 19 വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് പഠന വിലക്ക്, കോളേജ് ആന്റി റാഗിങ് കമ്മറ്റിയുടെതാണ് നടപടി

വയനാട്. പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസില്‍ എസ്എഫ്‌ഐ നേതാക്കളുടെ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായതിന് പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധാര്‍ഥനെ ആക്രമിച്ച 19 വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് പഠന വിലക്ക്. സംഭവത്തില്‍ പൂക്കോട് വെറ്ററിനറി കോളേജ് ആന്റി റാഗിങ് കമ്മറ്റിയുടെതാണ് തീരുമാനം.

രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് പഠനം സാധ്യമാകില്ല. അതേസമയം സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി കീഴടങ്ങി. മലപ്പുറം സ്വദേശിയായ അമീന്‍ അക്ബര്‍ അലിയാണ് കല്‍പ്പറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍ കീഴടങ്ങിവരുടെ എണ്ണം 11 ആയി. അതേസമയം എസ്എഫ്‌ഐ കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍, യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍ എന്നിവരുടെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തി.

ആസിഫ് ഖാനെ വര്‍ക്കലയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കേസില്‍ ആറ് പേരെ നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കേസ് അന്വേഷിക്കുന്നത് കല്‍പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 24 അംഗ സംഘമാണ്. കേസ് അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി മേല്‍നോട്ടം വഹിക്കും. ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്.