സെൽഫി എടുക്കുന്നതിനിടെ ട്രാക്ടർ കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം

സെൽഫി ഭ്രമം വരുത്തിവെയ്ക്കുന്ന അപകട വാർത്തകൾ ഇടക്കൊക്കെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവാറുണ്ട്. എങ്ങനെയെങ്കിലും സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൂടുതൽ ലൈക്കുകളും കമന്റുകളും വാങ്ങുക എന്നത് യുവാക്കൾക്ക് ഹരമാണ്. അത്തരത്തിലൊരു അപകട വാർത്തയാണ് തമിഴ്നാട്ടിൽ നിന്ന് പുറത്തുവരുന്നത്.

ട്രാക്ടറിൽ ഇരുന്ന് സെൽഫി എടുക്കുന്നതിനിടെ 20കാരൻ വാഹനത്തോടൊപ്പം കിണറ്റിൽ വീണുമരിച്ചു. ചിന്നമേട്ടൂർ സ്വദേശി കൃഷ്ണന്റെ മകൻ സഞ്ജീവ് (20) ആണ് മരിച്ചത്. തമിഴ്‌നാട് വെല്ലൂർ വാണിയമ്പാട്ടിലെ ചിന്നമോട്ടൂർ ഗ്രാമത്തിലായിരുന്നു അപകടം. നിലമുഴുന്നത് കാണാൻ ബന്ധുവായ ട്രാക്ടർ ഡ്രൈവർക്കൊപ്പം വയലിൽ എത്തിയതായിരുന്നു സഞ്ജീവ്. താഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ നേരത്ത് യുവാവ് നിർത്തിയിട്ടിരുന്ന ട്രാക്ടറിൽ കയറി. ട്രാക്ടറിലിരുന്ന് മൊബൈൽ ഫോണിൽ സെൽഫി എടുത്ത സജീവിനോട് കൂടുതൽ ചിത്രങ്ങൾ പകർത്താൻ സുഹൃത്തുക്കൾ പ്രോത്സാഹിപ്പിക്കുകയായിരുന്നു.

ആദ്യം ട്രാക്ടറിൽ ഇരുന്ന് മൊബൈൽ ഫോണിൽ സെൽഫി എടുത്തതിന് ശേഷം വാട്‌സ്‌ആപിൽ സ്റ്റാറ്റസായി അപ്പ് ലോഡ് ചെയ്തു. തുടർന്ന് ട്രാക്ടർ സ്റ്റാർട്ട് ചെയ്ത് പിറകിലേക്ക് എടുത്തു. വാഹനം ഓടിക്കുന്നതുപോലെ അഭിനയിച്ച്‌ വീഡിയോ ചിത്രീകരിക്കാനായിരുന്നു ശ്രമം. ഇതിനിടെ പിന്നിലേക്ക് തെന്നിമാറിയ ട്രാക്ടർ, വയലിലെ 120 അടി ആഴമുള്ള വലിയ കിണറിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപോർട്.

35 അടി താഴ്ചയിലുള്ള വെള്ളത്തിൽ മുങ്ങിയാണ് യുവാവ് മരിച്ചത്. രക്ഷപെടുത്താൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് സംഭവം അറിഞ്ഞെത്തിയ പ്രദേശത്തെ കർഷകർ വിവരം പോലീസിനെയും അഗ്‌നിശമനസേനയെയും അറിയിക്കുകയായിരുന്നു. നാലു മണിക്കൂർ നീണ്ട പരിശ്രമത്തിൽ വെള്ളം വറ്റിച്ച ശേഷമാണ് കിണറ്റിൽ നിന്ന് യുവാവിന്റെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്.