കോവിഡ് പ്രതിസന്ധി ; രാജ്യത്തിനായി 37 കോടി രൂപയോളം സമാഹരിച്ച്‌ എ.ആര്‍. റഹ്‌മാന്‍

രാജ്യത്തെ കോവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ വാക്സ് ഇന്ത്യ നൗ എന്ന വേര്‍ച്വല്‍ ഫണ്ട് റെയ്സര്‍ 37 കോടി രൂപയാണ് (5 ദശലക്ഷത്തിലധികം ഡോളര്‍ ) കഴിഞ്ഞ മാസം സമാഹരിച്ചത്. ഇന്ത്യന്‍ സംഗീതജ്ഞനായ എ. ആര്‍ റഹ്‌മാനേയും മറ്റ് പ്രമുഖ താരങ്ങളേയും ഉള്‍പ്പെടുത്തിയാണ് ധനശേഖരണം നടത്തിയത്. ഇന്ത്യന്‍ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാക്സ് നൗ ഇന്ത്യയുടെ സ്ഥാപക അനുരാധാ പലകുര്‍ത്തിയാണ്.

സി.എന്‍.എന്നും ഡ്രീം സ്റ്റേജ് ലൈവും തത്സമയം സംപ്രേഷണം ചെയ്ത പരിപാടിയില്‍ ലിയാം നീസണ്‍, ഗ്ലോറിയ എസ്റ്റഫാന്‍, സ്റ്റിങ്, ആന്‍ഡ്രിയ ബോസെല്ലി, ജോഷ് ഗ്രോബാന്‍, യോ-യോ മാ, ഡേവിഡ് ഫോസ്റ്റര്‍, ആസിഫ് മാന്‍വി, നിഷാന്ത് കാന്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടി അവതരിപ്പിച്ചത് ഹസന്‍ മിന്‍ഹാജ് ആണ്. രോഗം ബാധിച്ച മേഖലയില്‍ എങ്ങിനെ പ്രവര്‍ത്തിക്കാമെന്നും, ദുരിതമനുഭവിക്കുന്നവരെ എങ്ങിനെ സഹായിക്കാമെന്നും വാക്സ് നൗ ഇന്ത്യയുടെ ഈ പരിപാടിയിലൂടെ അനുരാധ കാണിച്ചു തന്നു. ഇന്ത്യയില്‍ കൊറോണ വൈറസ് മൂലം നിരവധി പേര്‍ മരിക്കാനുണ്ടായ സാഹചര്യമാണ് അനുരാധയെ ഇത്തരത്തില്‍ ഒരു പരിപാടി ചെയ്യാന്‍ പ്രേരിപ്പിച്ചത്. കോവിഡ് അനുരാധയുടെ കുടുംബത്തേയും സുഹൃത്തുക്കളേയും ബാധിച്ചിരുന്നു.

‘ഈ ഉദ്യമത്തില്‍ ഞങ്ങളോട് സഹകരിച്ച ലോകമൊട്ടാകെയുള്ള എല്ലാവര്‍ക്കും കടപ്പാടും നന്ദിയുമുണ്ട്’, അനുരാധ പറഞ്ഞു. ‘കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയോടൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതില്‍ 160 പേര്‍ അടങ്ങുന്ന ഞങ്ങളുടെ ഈ സ്ഥാപനം അഭിമാനിക്കുന്നു. ഈ ചടങ്ങില്‍ ഞങ്ങളോടൊപ്പം പങ്ക് ചേര്‍ന്ന എല്ലാ താരങ്ങള്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നുവെന്നും’ അവര്‍ കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൗണ്‍ സമയത്ത് ഈ പരിപാടി വിജയമാക്കിയ ഇന്ത്യന്‍ ടീമിന് പ്രത്യേകമായി നന്ദി അറിയിക്കുകയാണ്’ അനുരാധ പറഞ്ഞു.

VaxIndiaNow.com എന്ന വെബ്സൈറ്റില്‍ കാമ്പെയ്ന്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധി ഇല്ലാതാവുന്നത് വരെ ഞങ്ങളെല്ലാം ഒപ്പമുണ്ടെന്നും, കോവിഡിന്റെ വകഭേദങ്ങള്‍ തടയുന്നതിനു കോവിഡ് 19 പ്രതിരോധ കുത്തിവെയ്പ്പുകള്‍ തുടരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ധനസമാഹരണ കാമ്പെയിന്‍ ‘ദി ഗിവിംഗ് ബാക്ക് ഫണ്ട്’ എന്ന ചാരിറ്റി സംഘടനയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് മഹാമാരി രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇന്ത്യ ലോകത്തിന്റെ ശ്രദ്ധ നേടേണ്ടത് ആവശ്യമാണ്. ആവശ്യമുള്ളവരെ വേഗത്തില്‍ സഹായിക്കാനും അവരോടൊപ്പം നില്‍ക്കാനുമാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഗിവിങ്ങ് ബാക്ക ഫണ്ടിന്റെ സ്ഥാപകനും അധ്യക്ഷനുമായ മാര്‍ക്ക് പോളിക്ക് പറഞ്ഞു.

ജുജു പ്രൊഡക്ഷന്‍സ്, ചാള്‍സ് ഗോള്‍ഡ്സ്റ്റക്ക്, മാര്‍ക്ക് ജോണ്‍സ്റ്റണ്‍, എറിക് ബെര്‍ഗന്‍, വിസ്‌ക്രാഫ്റ്റ് ഇന്റര്‍നാഷണല്‍ എന്റര്‍ടൈന്‍മെന്റ്, ഗാവന്‍ കണക്ഷന്റെ നീലേഷ് മിശ്ര എന്നിവര്‍ ചേര്‍ന്നാണ് വാക്സ്.ഇന്ത്യ. നൗ ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. അതേസമയം, എദ് ഷീറാന്‍, റഹ്‌മാന്‍, ലെനോക്സ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന മറ്റൊരു കോവിഡ് റിലീഫ് ഇവന്റ് ആഗസ്റ്റ് 15 ന് ഫേസ്ബുക്കില്‍ സ്ട്രീം ചെയ്യും.