തലസ്ഥാനത്ത് പിഞ്ചുകുഞ്ഞുങ്ങളെ പീഡനത്തിനിരയാക്കി, 88കാരൻ അറസ്റ്റിൽ

തിരുവനന്തപുരം : പോക്‌സോ കേസിൽ തലസ്ഥാനത്ത് 88കാരൻ അറസ്റ്റിൽ. വർക്കല സ്വദേശി വാസുദേവനെയാണ് അയിരൂർ പൊലീസ് അറസ്റ്റുചെയ്തത്. നാലും ഏഴും വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. തൊട്ടടുത്തുള്ള വീട്ടിലെ കുട്ടികളെയാണ് ഇയാൾ ക്രൂരതയ്ക്ക് ഇരയാക്കിയത്. പലപ്പോഴും ഇയാൾ കുട്ടികളുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഈ അവസരം മുതലെടുത്തായിരുന്നു പീഡനം.

കുട്ടികളുടെ അയൽവാസിയായ ഇയാൾക്ക് മൂന്നുമക്കളുണ്ട്. ഭാര്യ പതിനഞ്ചുവർഷം മുമ്പ് മരിച്ചുപോയി. സ്കൂളിലെത്തിയ കുട്ടികൾ ശാരീരിക പ്രശ്നങ്ങൾ കാണിച്ചതോടെ സ്കൂൾ അധികൃതർ കാരണം തിരക്കി. അപ്പോഴാണ് പീഡനവിവരം കുഞ്ഞുങ്ങൾ അദ്ധ്യാപകരെ അറിയിച്ചത്. സ്കൂൾ അധികൃതർ വിവരം ചൈൽഡ്‌ലൈൻ പ്രവർത്തകരെ അറിയിക്കുകയും അവർ പൊലീസിനെ അറിയിക്കുകയുമായിരുന്നു.

പിന്നാലെ തന്നെ പോലീസ് പ്രതിയെ പിടികൂടി. അറസ്റ്റിലായ വാസുദേവൻ കെഎസ്ഇബിയിലെ മുൻ ജീവനക്കാരനാണ്. ഇയാളെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും. അതേസമയം മാതാപിതാക്കൾക്കൊപ്പം ചെക്ക് പോസ്റ്റിന്റെ വരാന്തയിൽ കിടന്നുറങ്ങിയ മൂന്നുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച വൃദ്ധനെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു.

എരുത്തേമ്പതി വില്ലൂന്നി തരകൻകളം സ്വദേശി കന്തസ്വാമി (77)​ ആണ് പിടിയിലായത്. കുട്ടിയുടെ നില ഗുരുതരമായതിനാൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കേളേജിലേക്ക് മാറ്റി.
ഇന്നലെ പുലർച്ചെ അഞ്ചോടെ ആർ.വി.പി പുതൂർ നടുപ്പുണിയിലാണ് സംഭവം.