പ്രശസ്ത നാടകകൃത്തും സംവിധായകനും നടനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

തിരുവനന്തപുരം ∙ പ്രമുഖ നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ (51) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. മുപ്പത് വർഷക്കാലമായി ഇന്ത്യൻ തീയേറ്റർ രംഗത്തെ ശക്തമായ സാന്നിദ്ധ്യമാണ് പ്രശാന്ത് നാരായണന്‍. പതിനഞ്ചാമത്തെ വയസ്സു മുതൽ നാടകങ്ങൾ എഴുതിത്തുടങ്ങിയ ഇദ്ദേഹം മുപ്പതോളം നാടകങ്ങൾ എഴുതുകയും അറുപതിൽപ്പരം നാടകങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്.

മോഹൻലാലും മുകേഷും അഭിനയിച്ച ‘ഛായാമുഖി’യുടെ സംവിധായകനാണ്. 30 വർഷക്കാലമായി ഇന്ത്യൻ തിയറ്റർ രംഗത്തെ ശക്തമായ സാന്നിധ്യമാണ്. മകരധ്വരജൻ, മഹാസാഗരം, മണികർണിക അടക്കം നിരവധി ഹിറ്റ് നാടകങ്ങൾ ഒരുക്കി. നാടക ടിക്കറ്റ്, പ്രശാന്ത് നാരായണന്റെ നാടകങ്ങൾ, ഭാരതാന്തം ആട്ടക്കഥ, ഛായാമുഖി എന്നിവയാണ് കൃതികൾ.

സംഗീത നാടക അക്കാദമി അവാർഡ് ഉൾപ്പെടെ പുരസ്കാരങ്ങൾ നേടി. ‘മനോരമ ഓൺലൈന്‍’ സംഘടിപ്പിച്ച ‘എംടി കാലം നവതിവന്ദനം’ എന്ന പരിപാടിയില്‍ അവതരിപ്പിച്ച ‘മഹാസാഗരം’ എന്ന നാടകത്തിനായാണ് അവസാനം അരങ്ങിലെത്തിയത്. സർക്കാരിന്റെ ക്ഷണപ്രകാരം ധാർവാഡ് രംഗായണക്ക് വേണ്ടി പല പ്രഗത്ഭരും ശ്രമിച്ചു പരാജയപ്പെട്ട ഭാസന്റെ സംസ്കൃത നാടകമായ സ്വപ്ന വാസവദത്തം സംവിധാനം ചെയ്ത് വിജയമാക്കിയതും പ്രശാന്ത് നാരായണൻ ആണ്.