കൈയിലിരിപ്പുകൊണ്ട് സ്വന്തം ജീവിതം നശിപ്പിച്ചവള്‍ എങ്ങനെ മറ്റുള്ളവരുടെ സംരക്ഷണം ഏറ്റെടുക്കും, ആനി ശിവയുടെ പരാതിയില്‍ ഹൈക്കോടതി അഭിഭാഷക കുടുങ്ങും

തിരുവനന്തപുരം: വനിതാ എസ്.ഐ. ആനി ശിവയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്ക് എതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന ആനി ശിവയുടെ പരാതിയിലാണ് കേസ്.

എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഐ.ടി. ആക്‌ട് എന്നിവ പ്രകാരമാണ് കേസെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എസ്.ഐ. ആയി ആനി ശിവ ചുമതലയേറ്റ് എടുത്തതിന് പിന്നാലെയായിരുന്നു സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നാരങ്ങ വെള്ളം വിറ്റ് നടന്ന് ഒടുവില്‍ അതേ സ്ഥലത്ത് തന്നെ എസ്.ഐ. ആയി നിയമിക്കപ്പെട്ട ആനി ശിവയുടെ ജീവിതകഥ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ കൈയിലിരിപ്പുകൊണ്ട് സ്വന്തം ജീവിതം നശിപ്പിച്ചവള്‍ എങ്ങനെ മറ്റുള്ളവരുടെ സംരക്ഷണം ഏറ്റെടുക്കും എന്നായിരുന്നു സംഭവത്തില്‍ സംഗീത ലക്ഷ്മണയുടെ പ്രതികരണം. ആനി ശിവയെ മാതൃകയാക്കരുതെന്നും സംഗീത പറഞ്ഞിരുന്നു.

പതിനെട്ടാം വയസില്‍ വീട്ടുകാരെ ധിക്കരിച്ച്‌ ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിച്ച ആനി ശിവ പിന്നീട് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കുഞ്ഞിനൊപ്പം തെരുവിലേക്കിറങ്ങുകയായിരുന്നു.

ജീവിക്കാനായി പഠനത്തോടൊപ്പം പല പണികള്‍ ചെയ്തു. ജോലിക്കിടയില്‍ ഡിസ്റ്റന്‍സായി എം.എ. പൂര്‍ത്തിയാക്കി. പിന്നീട് സുഹൃത്തിന്റെ സഹായത്തോടെ എസ്‌ഐ പരീക്ഷയെഴുതി ജോലി നേടിയെടുക്കുകയായിരുന്നു.