കൊച്ചു പ്രേമന്റെ അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനാവുന്നില്ല, ഫോട്ടോ പങ്കിട്ട് അഭയ ഹിരൺമയി

പ്രിയ താരം കൊച്ചുപ്രേമൻറെ അപ്രതീക്ഷിതമായി വിയോ​ഗത്തിലാണ് സിനിമ ലോകം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അടുത്തിടെയാണ് കൊച്ചു പ്രേമൻ മരണപ്പെട്ടത്. നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. തിരുവനന്തപുരം സംഘചേതനയുൾപ്പടെ നിരവധി ട്രൂപ്പുകളിലെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അമ്മാവന്റെ മരണത്തിൽ ആകെത്തകർന്ന അമ്മയെയും അനിയത്തിയേയും ആശ്വസിപ്പിച്ച് അഭയ ഹിരൺമയിയും എത്തിയിരുന്നു. ഇപ്പോഴിതാ അമ്മാവന്റെ ഫോട്ടോ പങ്കുവെച്ചെത്തിയിരിക്കുകയാണ് ഗായിക. ചിരിച്ച മുഖത്തോടെയുള്ള കൊച്ചുപ്രേമന്റെ ഫോട്ടോയിൽ മാല ചാർത്തിയും അരികിൽ ഒരു തിരിയിട്ട് കത്തിച്ച നിലവിളക്കും. ഈ ഫോട്ടോയായിരുന്നു അഭയ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കിട്ടത്. അമ്മയുമായി ഏറെ അടുപ്പമുള്ളയാളാണ് അമ്മാവൻ. ഇടയ്ക്ക് അടികൂടുകയും പിണങ്ങുകയുമൊക്കെ ചെയ്യുന്നവരാണ് അവർ. കുട്ടിക്കാലത്ത് ആവശ്യമുള്ളതെല്ലാം വാങ്ങിച്ച് തരുന്ന അമ്മാവനെ ഗിഫ്റ്റ് ബോക്‌സായി വിശേഷിപ്പിച്ചിരുന്നുവെന്നും അഭയ പറഞ്ഞിരുന്നു.

അതേ സമയം ഹാസ്യവേഷങ്ങളിലൂടെയാണ് കൊച്ചുപ്രേമൻ ശ്രദ്ധേയനാവുന്നത്. ഇരുന്നൂറിലേറെ ചിത്രങ്ങളിൽ ചെറുതും വലുതുമായി വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദില്ലിവാല രാജകുമാരൻ, തിളക്കം, പട്ടാഭിഷേകം, ഓർഡിനറി, മായാമോഹിനി, കല്യാണരാമൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു പപ്പടവട പ്രേമമാണ് അവസാന ചിത്രം.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി നാടകമെഴുതി കൊച്ചുപ്രേമൻ സംവിധാനം ചെയ്തിട്ടുണ്ട്. അത് വിജയിച്ചതോടെ ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങൾ സംപ്രേക്ഷണം ചെയ്തത്. സ്കൂൾ പഠനത്തിനു ശേഷമാണ് നാടകത്തെ ഗൗരവമായി കാണാൻ തുടങ്ങിയ കൊച്ചു പ്രേമൻ, തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ് നാടക രംഗത്ത് ശ്രദ്ധേയനാവുന്നത്.

പിന്നീട് ഗായത്രി തീയേറ്റേഴ്സിൻ്റെ അനാമിക എന്ന നാടകത്തിലും പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികൾക്ക് വേണ്ടിയും പ്രവർത്തിച്ചു. കേരള തീയേറ്റേഴ്സിൻ്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാൾ, ഇന്ദുലേഖ, രാജൻ.പി.ദേവിൻ്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നീ നാടകങ്ങൾ അദ്ദേഹത്തിന് നിരവധി ആരാധകരെ നേടികൊടുത്തിട്ടുണ്ട്.