മകളെ കടിച്ചത് വളര്‍ത്തുനായ; ആശുപത്രി അധികൃതര്‍ക്കെതിരെ ആരോപണവുമായി അഭിരാമിയുടെ അമ്മ

പത്തനംതിട്ട. പേവിഷബാധയേറ്റ് ചികിത്സയിലിരിക്കെ കുട്ടി മരിച്ചസംഭവത്തില്‍ ആശുപത്രിക്കെതിവിമര്‍ശനവുമായി മരിച്ച അഭിരാമിയുടെ അമ്മ. കുട്ടിയെ കടിച്ചത് വളര്‍ത്തുനായയാണെന്നും അമ്മ രജനി പറയുന്നു. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ടനായയാണ് കടിച്ചത്.കുട്ടിയെ നായകടിച്ചതിന് ശേഷം പെരിനാട് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രി പൂട്ടിയനിലയിലായിരുന്നു. പിന്നീട് പത്തനംതിട്ട ആശുപത്രിയില്‍ എത്തിച്ചു. അപ്പോള്‍ കുട്ടിയുടെ കടിയേറ്റ മുറിവ് കഴുകയിത് പിതാവാണ് ആരും സഹായത്തിന് എത്തിയില്ലെന്നും. പരിക്കിന്റെ ഗൗരവം ഡോക്ടര്‍ തിരിച്ചറിഞ്ഞില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

നാല് മണിക്കൂറിന് ശേഷം ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. നായയുടെ ആക്രമണത്തില്‍ കണ്ണിന്റെ ഭാഗത്ത് വലിയ മുറിവുണ്ടായിരുന്നു. മുറിവില്‍ അണുബാധയേല്‍ക്കുവാന്‍ സാധ്യതയുള്ളതായിരുന്നെങ്കില്‍ എന്ത് കൊണ്ട് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപൊയ്‌ക്കോളുവാന്‍ പറഞ്ഞില്ലെന്നും രജനി ചോദിക്കുന്നു. കുട്ടി വ്യക്തമായി പറഞ്ഞത് കടിച്ചത് വളര്‍ത്തുനായ ആണെന്നാണ്. തൊടലും കഴുത്തില്‍ ബെല്‍റ്റും ഉള്ള ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ടനായയാണ് ആക്രമിച്ചത്. ഇത്തരത്തില്‍ പെട്ട തെരുവ് നായയില്ലെന്നും അവര്‍ പറയുന്നു.

ഓഗസറ്റ് 13ന് അയല്‍ വീട്ടിലേക്ക് പാല്‍വാങ്ങിക്കുവാന്‍ പോകുമ്പോഴായിരുന്നു അഭിരാമിയെ റോഡില്‍വച്ച് നായ കടിച്ചത്. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് കുട്ടിക്ക് മൂന്ന് ഡോസ് വാക്‌സിനെടുത്തു. നാലമത്തേത് ഈ മാസം പത്തിനായിരുന്നു. അതിനിടയില്‍ കുട്ടിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.

അഭിരാമിയുടെ തലച്ചോറില്‍ വൈറസ് ബാധ രൂക്ഷമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കണ്ണിനോട് ചേര്‍ന്ന മുറിവില്‍ കൂടെ വൈറസ് വേഗത്തില്‍ തലച്ചോറിനെ ബാധിച്ചതാകാം എന്ന് കരുതുന്നു. കടിയേറ്റ ഉടനെ വാക്‌സിന്‍ എടുത്തെങ്കിലും കണ്ണിലെ മുറിവില്‍ കൂടെ വേഗത്തില്‍ വൈറസ് തലച്ചോറില്‍ എത്തിയിരിക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.