അമിത് ഷായാണ് ഏറ്റവും വലിയ ‘പപ്പു’; രൂക്ഷവിമര്‍ശനവുമായി മമതയുടെ മരുമകന്‍

കൊല്‍ക്കത്ത: കല്‍ക്കരി കള്ളക്കടത്ത് അന്വേഷണത്തിന്റെ ഭാഗമായി ഇഡി എട്ടു മണിക്കൂറോളം ചോദ്യം ചെയ്തതിനു പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ബിജെപിക്കും എതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി. അമിത് ഷായാണ് ഏറ്റവും വലിയ ‘പപ്പു’ എന്ന് അഭിഷേക് പറഞ്ഞു.ബംഗാളിലെ കല്‍ക്കരി കള്ളക്കടത്തുമായി സിഐഎസ്എഫിന് നേരിട്ടു ബന്ധമുണ്ടെന്ന് അഭിഷേക് ആരോപിച്ചു. അതിര്‍ത്തിയില്‍ കന്നുകാലി കടത്ത് നടന്നപ്പോള്‍ ബിഎസ്എഫ് എന്തെടുക്കുകയായിരുന്നു.

ഇത് കന്നുകാലിക്കടത്ത് അഴിമതിയല്ല, മറിച്ച് ആഭ്യന്തരമന്ത്രി അഴിമതിയാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നഷിത് പ്രമാണിക് തന്നെ ഒരു കന്നുകാലിക്കള്ളനാണ്. കന്നുകാലിക്കടത്തിനെക്കുറിച്ച് കന്നുകാലിക്കള്ളന്മാര്‍ തന്നെ അന്വേഷിക്കുകയാണ്. – അഭിഷേക് പറഞ്ഞു. ”മറ്റൊരു പാര്‍ട്ടിയുടെ നേതാവ് പപ്പു ആണെന്നാണ് ബിജെപിക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഏറ്റവും വലിയ പപ്പു അമിത് ഷായാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കാതെ അദ്ദേഹത്തിന് രാഷ്ട്രീയപ്രവര്‍ത്തനം നടത്താനാവില്ല.”- അഭിഷേക് കുറ്റപ്പെടുത്തി.

അനധികൃതമായി ഒരു പൈസയെങ്കിലും ഞാന്‍ സമ്പാദിച്ചെന്നു തെളിയിച്ചാല്‍ തൂക്കിലേറാനും തയാറാണ്. 30 തവണ ചോദ്യം ചെയ്യലിനു ഹാജരാകാം. ബംഗാളിലെ ജനങ്ങള്‍ക്കു മുന്നില്‍ തലകുനിക്കും. പക്ഷെ ബിജെപിക്ക് മുന്നില്‍ ഒരിക്കലും തലകുനിക്കില്ലെന്നും അഭിഷേക് പറഞ്ഞു.