ആന്റോ ആന്റണിയുടെ പ്രചാരണത്തിനായി അച്ചു ഉമ്മനെത്തും, മറ്റൊരു നിലപാടും എടുത്തിരുന്നില്ല, മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റ്

കോട്ടയം: പത്തനംതിട്ടയിൽ അനിൽ ആന്റണിക്കെതിരെ പ്രചാരണത്തിനില്ലെന്ന വാർത്തകൾ തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് അച്ചു ഉമ്മന്‍. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നും അച്ചു ഉമ്മൻ പറഞ്ഞതായി വാർത്തകൾ വന്നിരുന്നു. അതിനിടെയാണ് അച്ചു ഉമ്മന്‍ വിശദീകരണവുമായി രംഗത്തുവന്നത്.

ഏപ്രിൽ ആറിനാണ് അച്ചു ഉമ്മൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തുക. പത്തനംതിട്ടയിലെ പ്രചാരണത്തിന് എത്തുന്നതിന്റെ പോസ്റ്റർ അച്ചു തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുമെന്നും അച്ചു ഉമ്മൻ പറഞ്ഞതായാണ് റിപ്പോർട്ട് വന്നത്. എന്നാൽ, പാര്‍ട്ടി തീരുമാനിക്കുന്നതിനനുസരിച്ച് പറ്റാവുന്നയിടങ്ങളിലെല്ലാം പ്രചാരണത്തിന് പോകും. ഒരു വിധത്തിലും മറ്റൊരു നിലപാട് എടുത്തിരുന്നില്ലെന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്നും അച്ചു ഉമ്മന്‍ പ്രതികരിച്ചു.

കോൺ​ഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്നത്. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺ​ഗ്രസ് നേതാവുമായിരുന്ന പദ്മജ വേണു​ഗോപാലും ബിജെപിയിൽ ചേർന്നിരുന്നു. പത്തനംതിട്ടയിൽ കോൺഗ്രസ് സിറ്റിംഗ് എംപി ആൻ്റോ ആൻ്റണിയെയും മുതിർന്ന സിപിഎം നേതാവും രണ്ടു തവണ സംസ്ഥാന ധനമന്ത്രിയുമായ തോമസ് ഐസക്ക് എന്നിവരെയാണ് അനിൽ ആൻ്റണി നേരിടുന്നത്.