നടിമാരെ ബലിയാടാക്കി കൈ കഴുകാൻ അമ്മ? ചാനൽ ചർച്ചയിൽ ഉരുണ്ട് കളിച്ച് നടൻ മഹേഷ്

കൊച്ചി: ആക്രമണത്തെ അതിജീവിച്ച നടിയെ പിന്തുണയ്ക്കാനെന്ന പേരില്‍ കോടതിയെ സമീപിച്ച് വെട്ടിലായിരിക്കുകയാണ് താരസംഘടനയായ അമ്മയുടെ നേതൃത്വം. രചന നാരായണന്‍ കുട്ടി, ഹണി റോസ് എന്നീ അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളെ മുന്നില്‍ നിര്‍ത്തിയാണ് പിന്നില്‍ നിന്നും ചിലര്‍ കളിച്ചതെന്നാണ് ആക്ഷേപം.

നടിയുടെ കേസില്‍ കക്ഷി ചേരാനുള്ള നീക്കം പാളിയതോടെ അമ്മ കൂടുതൽ സംശയത്തിന്റെ നിഴലിലായി. പിന്തുണ നാടകം നടിയെ കുഴപ്പത്തിലാക്കാനാണോ എന്ന സംശയമാണ് പൊതുവേ ഉയരുന്നത്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ഈ വിഷയത്തില്‍ ചൂട് പിടിച്ച ചര്‍ച്ചയാണ് നടന്നത്.നടിയെ കുടുക്കാനോ എന്ന ചോദ്യവുമായി പിജി സുരേഷ് കുമാര്‍ നയിച്ച ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത് നടന്‍ മഹേഷ്, എംഎന്‍ കാരശ്ശേരി, അഡ്വക്കേറ്റ് ആശ, അഡ്വക്കേറ്റ് മുഹമ്മദ് ഷാ എന്നിവരാണ്. നടിയെ പിന്തുണയ്ക്കാനെന്ന പേരിലുള്ള നീക്കം ആരുടെ തിരക്കഥയാണെന്നും വിചാരണ വൈകിപ്പിക്കലാണോ ചിലരുടെ ലക്ഷ്യമെന്ന ചോദ്യങ്ങളും മുന്നോട്ട് വെച്ചായിരുന്നു ന്യൂസ് അവര്‍.

താരസംഘടനയെ പ്രതിരോധിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത നടന്‍ മഹേഷ് ഹര്‍ജിക്ക് പിന്നില്‍ അമ്മയ്ക്ക് യാതൊരു പങ്കുമില്ല എന്ന തരത്തിലാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. നടിമാരായ രചനയും ഹണി റോസും എക്‌സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടിക്ക് വേണ്ടി എന്ത് ചെയ്യും എന്ന ചോദ്യം പലരില്‍ നിന്നായി നേരിട്ടിരുന്നുവെന്ന് മഹേഷ് പറയുന്നു. ഇതോടെ നടിക്ക് വേണ്ടി എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന് അവര്‍ ശഠിച്ചു. എക്‌സിക്യൂട്ടീവ് അംഗവും വക്കീലുമായ ബാബുരാജുമായി ഇക്കാര്യം സംസാരിക്കുകയും ബാബുരാജ് അത് എക്‌സിക്യൂട്ടീവില്‍ അവതരിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് അമ്മ അതിനോട് യോജിക്കുകയും നടിമാര്‍ കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജി നല്‍കുകയുമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ആക്രമിക്കപ്പെട്ട നടിയെ വിവരം അറിയിച്ചിരുന്നുവെന്നും മഹേഷ് പറയുന്നു.

എന്നാല്‍ അനുകൂല മറുപടിയല്ല ലഭിച്ചതെന്നാണ് കരുതുന്നത്. അമ്മയുടെ മുന്‍പുണ്ടായിരുന്ന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ സമയത്ത് ചെയ്യാതിരുന്നത് കൊണ്ടും സംഘടനയുടെ നല്ല വശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തത് കൊണ്ടാണ് പുതിയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഇനിയെങ്കിലും ഒരു മാറ്റം വേണമെന്ന് വിചാരിക്കാനുള്ള കാരണമെന്നും അതുകൊണ്ടാണ് ഹര്‍ജി നല്‍കിയതെന്നും മഹേഷ് പറയുന്നു. ഹര്‍ജി നല്‍കാന്‍ മുന്‍കൈ എടുത്തത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയല്ല. ആ രണ്ട് നടിമാരാണ് എന്നും മഹേഷ് പറയുന്നു. കേസില്‍ വനിതാ ജഡ്ജ് വേണം എന്ന് ആവശ്യപ്പെടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. പുരുഷ ജഡ്ജി ആണെങ്കിലും വനിതാ ജഡ്ജി ആണെങ്കിലും കേസ് വിചാരണ കേള്‍ക്കാന്‍ പോകുന്നത് അടച്ചിട്ട കോടതി മുറിയിലാണ്. അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ ലിംഗഭേദം എന്തിനെന്ന് മനസ്സിലാവുന്നില്ലെന്നും മഹേഷ് പറഞ്ഞു.

അതിനിടെ ഈ കേസ് അട്ടിമറിക്കാനുള്ള എല്ലാ കരുനീക്കങ്ങളുമായിക്കഴിഞ്ഞു എന്നാണ് താന്‍ കരുതുന്നതെന്ന് എംഎന്‍ കാരശ്ശേരി അഭിപ്രായപ്പെട്ടു. സാക്ഷികള്‍ കൂറുമാറാന്‍ പോകുന്നുവെന്നും അതിന്റെ ഭാഗമായുള്ള നാടകങ്ങളാണെന്നും കാരശ്ശേരി അഭിപ്രായപ്പെട്ടു. ഒരിക്കല്‍ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും വീണ്ടും ആക്രമിക്കുന്നത് കഷ്ടമാണെന്നും കാരശ്ശേരി അഭിപ്രായപ്പെട്ടത്.നിയമനടപടിക്കെന്ന പേരില്‍ രണ്ട് നടിമാരെ കൂടി ഇരയാക്കി മാറ്റുകയാണ് അമ്മ നേതൃത്വം ചെയ്തിരിക്കുന്നതെന്നും കാരശ്ശേരി ആരോപിച്ചു. എന്നാല്‍ അമ്മ അല്ല ഹര്‍ജി നല്‍കാന്‍ മുന്‍കൈ എടുത്തത് എന്ന് മഹേഷ് ആവര്‍ത്തിച്ചു. അമ്മ എന്നത് ആര്‍ക്കും കയറി വന്ന് അടിച്ചിട്ട് പോകാനുള്ള രാഷ്ട്രീയ പാര്‍ട്ടിയൊന്നുമല്ല. ഹര്‍ജിയില്‍ പ്രോസിക്യൂട്ടറെ മാറ്റണം എന്ന് പറഞ്ഞത് തെറ്റാണ്.

അത് ഹര്‍ജി നല്‍കിയ നടിമാരുടേയും വക്കീലിന്റെയും തെറ്റാണ്. എഴുതിയവ പൂര്‍ണമായും വായിച്ച് നോക്കിയിട്ട് വേണമായിരുന്നു ഒപ്പിടാന്‍. നടിമാരെടുത്ത തീരുമാനം മുന്നോട്ട് കൊണ്ട് പോയ്‌ക്കോള്ളൂ എന്ന് മാത്രമേ അമ്മ പറഞ്ഞിട്ടുള്ളൂ. അവര്‍ക്ക് പറ്റിയ തെറ്റിന് അവര്‍ക്ക് മാത്രമാണ് ഉത്തരവാദിത്തമെന്നും മഹേഷ് തുറന്നടിച്ചു. ദിലീപ് 13 ഹര്‍ജി നല്‍കിയതിനേയും മഹേഷ് ന്യായീകരിച്ചു.ദിലീപിന് കിട്ടേണ്ടതായിട്ടുള്ള പല രേഖകളും കിട്ടിയിട്ടില്ല. നിരപരാധിയെന്ന് വാദിക്കണമെങ്കില്‍ മുഴുവന്‍ രേഖകളും ദിലീപിനും വക്കീലിനും കിട്ടണം. വേണ്ട രേഖകളെല്ലാം കൊടുത്താല്‍ വിചാരണ വേഗത്തില്‍ തുടങ്ങാമെന്നും മഹേഷ് പറയുന്നു. തങ്ങള്‍ നടിക്കൊപ്പമാണ് എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും മഹേഷ് പറയുന്നു.

അതിനിടെ അമ്മയെ ആര്‍ക്കും കയറി കൊട്ടാനാവില്ലെന്ന മഹേഷിന്റെ വാദത്തിന് കാരശ്ശേരി ചുട്ട മറുപടിയും നല്‍കി. തങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഒരു ക്രിമിനല്‍ കുറ്റത്തെ കുറിച്ചാണ്. സിനിമാക്കാരായാലും രാഷ്ട്രീയക്കാരായാലും മുതലാളിമാരായാലും വിമര്‍ശിക്കും. നാട്ടുകാരുടെ ചിലവില്‍ തന്നെയാണ് താരസംഘടനയും. നാട്ടുകാര്‍ കയ്യിലെ പണം മുടക്കി സിനിമ കണ്ടിട്ടാണ് നിങ്ങളെല്ലാം നടന്മാരായത് എന്നും കാരശ്ശേരി ഓര്‍മ്മപ്പെടുത്തി. എന്നാല്‍ മഹേഷ് ഈ വാദത്തെ എതിര്‍ത്തു. തങ്ങള്‍ ജോലി ചെയ്താണ് ജീവിക്കുന്നതെന്നും കവല പ്രസംഗം പോലെ പ്രസംഗിക്കാന്‍ നാണമില്ലേ എന്നും മിണ്ടാതിരുന്നുകൂടേ എന്നുമാണ് മഹേഷ് തിരിച്ച് പറഞ്ഞത്. എന്നാല്‍ തനിക്ക് നാണമില്ലെന്നും അക്രമിക്കപ്പെട്ടവരുടെ കൂടെ നില്‍ക്കാന്‍ തനിക്ക് നാണമില്ലെന്ന് കാരശ്ശേരി മറുപടി നല്‍കി. കാരശ്ശേരിയുടെ നാണവും മാനവും മഹേഷ് തീരുമാനിക്കേണ്ടെന്ന് അവതാരകന്‍ സുരേഷ് കുമാര്‍ മഹേഷിനെ താക്കീത് ചെയ്തു. താരങ്ങളുടെ ജനപ്രീതി തന്നെയാണ് ജോലിയുടെ കൂലി നിശ്ചയിക്കുന്നതെന്നും അത് പറയുമ്പോള്‍ വിറളിപൂണ്ടിട്ട് കാര്യമില്ലെന്നും പരിഹസിച്ച് അഭിപ്രായത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ടെന്നും അവതാരകന്‍ ഓര്‍മ്മപ്പെടുത്തി. എന്നാല്‍ മാധ്യമമേഖലയിലെ സ്ത്രീവിരുദ്ധതയുടെ കാര്യം തനിക്കറിയാമെന്നാണ് മഹേഷിന്റെ മറുപടി.