നിശ്ചയം കഴിഞ്ഞ് ആറു മാസമായിട്ടും വിവാഹം നടക്കാത്തതിനാൽ ആളുകൾ ഡിവോഴ്സാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു- മീര അനിൽ

ടെലിവിഷൻ അവതാരകയും നടിയുമായ മീര അനിൽ കഴിഞ്ഞ ദിവസം വിവാഹിതയായിരുന്നു. വിഷ്ണുവാണ് വരൻ. അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. വളരെ ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ. വളരെ കുറച്ച് ആഭരണങ്ങളും സെറ്റുസാരിയുമായിരുന്നു മീരയുടെ കല്യാണ വേഷം. തുളസിമാല ചാർത്തിയാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും വിവാഹചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണിപ്പോൾ.

കോവിഡ് കാലമായതിനാൽ പ്രൊട്ടോക്കോൾ പാലിച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിനിമാലോകത്ത് നിന്നും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു മീരയും വിഷ്ണുവും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്.

ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. നിശ്ചയം കഴിഞ്ഞ് ആറുമാസം കഴിഞ്ഞാണ് വിവാഹം നടത്തിയത്. ഞാൻ പലയിടത്തും പോകുമ്പോൾ എല്ലാവരും ചോദിക്കുക കല്യാണം കഴിഞ്ഞിട്ടും ചെക്കനെ കാണുന്നിലല്ലോ, എന്താ ഡിവോഴ്‌സ് ആണോ എന്നാണ്. കല്യാണമല്ല നിശ്ചയമാണ് കഴിഞ്ഞതെന്ന് പറഞ്ഞു പറഞ്ഞു മടുത്തു.

ഒരിക്കൽ ഞാൻ ഒരു സ്ഥലത്ത് കാറിൽ ചെന്നിറങ്ങുമ്പോൾ ഒരു ചേച്ചി വന്ന് കാറിനകത്തേക്ക് എന്തിവലിഞ്ഞ് നോക്കിയിട്ട് ചോദിക്കുവാ ‘യൂടുബിൽ കല്യാണം കഴിഞ്ഞത് കണ്ടു. ഭർത്താവ് ഒപ്പം ഇല്ലേ എന്ന്? കല്യാണമല്ല, നിശ്ചയമാണ് കഴിഞ്ഞത് എന്ന് ഞാൻ പറഞ്ഞപ്പോൾ അല്ല കല്യാണം കഴിഞ്ഞ് ഡിവോഴ്‌സ് ആയി എന്ന് യൂടൂബിൽ കണ്ടല്ലോ എന്നാണ് അവർ പറഞ്ഞത്. അതുകേട്ട് ഞാൻ അന്തംവിട്ടുനിന്നുപോയി, മീര പറയുന്നു.താലികെടട്ുന്നതിനുമുമ്പെ കരഞ്ഞതിനെക്കുറിച്ച് മീര പറയുന്നതിങ്ങനെ.. രണ്ടാണ് കാരണം. ഒന്ന് എറ്റവും പ്രിയപ്പെട്ട ആളിനൊപ്പം ജീവിച്ചുതുടങ്ങുന്നതിന്റെ സന്തോഷം, മറ്റൊന്ന് അച്ഛനെയും അമ്മയെയും വിട്ടുപോകുന്നതിന്റെ വിഷമം. ഞാൻ ഒറ്റ മോളാണ്. വീടുമായി വൈകാരികമായി വളരെ അടുപ്പമുളള ആളുമാണ് ഞാനെന്നും മീര കൂട്ടിച്ചേർത്തു