ഞാന്‍ കാരണം ഒരുനിര്‍മാതാവും പെരുവഴിയിലാകരുത്, സിനിമയെടുത്തില്ലെങ്കിലും ലോകത്ത് ഒന്നും സംഭവിക്കാനില്ല: അടൂര്‍ ഗോപാലകൃഷ്ണന്‍

നല്ല സിനിമകള്‍ക്ക് നിര്‍മാതാക്കളെ കിട്ടാന്‍ പ്രയാസമാണല്ലോ എന്ന പതിവ് ചോദ്യത്തിന് മറുപടി നല്‍കി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

ഒരുദിവസം കൊല്ലത്തുനിന്ന് രവിയുടെ വിളി. പതിഞ്ഞ ശബ്ദം.നമ്മളെക്കൊണ്ട് ഒരു പടം എടുത്താല്‍ കൊള്ളാമെന്നുണ്ട്. ഒന്നു കാണണം. കാര്‍ അയയ്ക്കാം. ഇങ്ങോട്ടൊന്നു വരാമോ? ഇതായിരുന്നു ആദ്യ സംഭാഷണം. രണ്ടുമണിക്കൂറിനുള്ളില്‍ കാര്‍ വന്നു. കൊല്ലത്തെത്തി സംസാരിച്ചു. എന്നാല്‍പ്പിന്നങ്ങു തുടങ്ങിയാട്ടേ എന്നു രവി പറഞ്ഞു.

അദ്ദേഹം നിര്‍മാതാവായ നാലുചിത്രങ്ങള്‍-എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയന്‍. ഒന്നിലും അദ്ദേഹം ഒരുരീതിയിലും ഇടപട്ടില്ല. അംഗീകാരങ്ങള്‍ പലതുകിട്ടി. നഷ്ടം ഉണ്ടായില്ലെന്നുമാത്രമല്ല, ചെറിയതോതില്‍ ലാഭവും കിട്ടി.

എന്റെ സിനിമകള്‍ ആര്‍ക്കും നഷ്ടം വരുത്തിയിട്ടില്ല. നഷ്ടമുണ്ടാകരുതെന്നാണ് എന്നും ആഗ്രഹിച്ചതും. ഞാന്‍ കാരണം ഒരുനിര്‍മാതാവും പെരുവഴിയിലാകരുത്. ഞാന്‍ സിനിമയെടുത്തില്ലെങ്കിലും ലോകത്ത് ഒന്നും സംഭവിക്കാനില്ല. സിനിമയെടുക്കാന്‍ താത്പര്യവുമായി പലരും വന്നു.

സിനിമ സാമ്ബത്തികമായി വിജയിക്കുമെന്നു യാതൊരു ഉറപ്പും തരാനാവില്ലെന്നാണ് ഞാന്‍ പറഞ്ഞത്. അതുകേട്ട് മിക്കവരും പിന്മാറി. അവാര്‍ഡ് കിട്ടുമെന്നൊന്നും പറയാനാവില്ല. അവാര്‍ഡ് പിടിച്ചുവാങ്ങാനാവില്ലല്ലോ. ഓടേണ്ട പടങ്ങള്‍ ചിലപ്പോള്‍ ഓടാതെയും വരും. അടുത്ത പടം എടുക്കണ്ടേയെന്ന് രവി കൂടെക്കൂടെ ചോദിക്കുമായിരുന്നു.