വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം, അഞ്ചംഗ സംഘത്തെ ആക്രമിച്ചു, ഒരാൾക്ക് പരിക്ക്

കോതമംഗലം : സംസ്ഥാനത്ത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം. കോതമംഗലം – പൂയംകുട്ടി വനത്തിൽ വച്ച് ഉണ്ടായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പനാണ് പരുക്കേറ്റത്. 55 വയസ്സായിരുന്നു. കോതമംഗലം – പൂയംകുട്ടി വനത്തിൽ കുഞ്ചിപ്പാറക്ക് സമീപം മഞ്ചപ്പാറ എന്ന സ്ഥലത്ത് വച്ചാണ് ആക്രമണമുണ്ടായത്.

ശിവദാസ്, രാജു എന്നീ ബന്ധുക്കൾ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘത്തിനു നേരെയായിരുന്നു ആക്രമണം ഉണ്ടായത്. കഴി‌ഞ്ഞ ദിവസം സംസ്ഥാനത്ത് രണ്ടിടങ്ങളിലുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. കോട്ടയം എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ പുറത്തേൽ ചാക്കോച്ചൻ (65), പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരും കൊല്ലം ഇടമുളക്കലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ കൊടിഞ്ഞൽ സ്വദേശി സാമുവൽ വർഗീസുമാണ് മരിച്ചത്.

അതേസമയം കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് കോട്ടയം ജില്ലാ കളക്ടർ പി കെ ജയശ്രീ. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം നാളെ തന്നെ കൈമാറും. ചികിത്സാ സഹായവും മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരവും എത്രയും വേഗം നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു.