നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ ആലോചന, കൂടിയ നിരക്കില്‍ സര്‍വീസ് നടത്തും

തിരുവനന്തപുരം : 1.15 കോടി മുടക്കി സംസ്ഥാനസർക്കാർ നവകേരള യാത്രയ്ക്കായി വാങ്ങിയ ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിയില്‍ ആലോചന. കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തും. കൂടിയ നിരക്കില്‍ ആയരിക്കും സര്‍വീസ് നടത്തുക. സ്‌റ്റേറ്റ് ക്യാരേജ് പെര്‍മിറ്റിന്റെ നടപടികള്‍ പൂര്‍ത്തിയായാല്‍ നവകേരള ബസിന്റെ സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും.

ബസ് മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കോണ്‍ടാക്ട് ക്യാരേജ് പെര്‍മിറ്റ് മാറ്റി സ്റ്റേജ് ക്യാരേജാക്കിയിരുന്നു. ഭാരത് ബെൻസിന്റെ ലക്‌ഷ്വറി ബസിൽ മുഖ്യമന്ത്രിയിരുന്ന റിവോൾവിങ് ചെയർ ഇളക്കി മാറ്റി, മന്ത്രിമാർ ഇരുന്ന കസേരകളും മാറ്റി. പകരം 25 പുഷ്ബാക് സീറ്റുകൾ ഘടിപ്പിച്ചു. കണ്ടക്ടർക്കായി മറ്റൊരു സീറ്റും ചേർത്തു. ശുചിമുറിയും ഹൈഡ്രോളിക് ലിഫ്റ്റും വാഷ് ബെയ്സിനും നിലനിർത്തി. സീറ്റുകൾ അടുപ്പിച്ചതോടെ ലഗേജ് വയ്ക്കുന്നതിനും സ്ഥലം കിട്ടി. ടിവിയും മ്യൂസിക് സിസ്റ്റവും ഉണ്ട്.

1.15 കോടി മുടക്കില്‍ ഭാരത് ബെന്‍സില്‍ നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനായിരുന്നു പദ്ധതിയെങ്കിലും അതുണ്ടായില്ല. ഭാരത് ബെന്‍സിന്റെ ഈ ബസ് പിന്നീട് നവകേരള സദസിന് ശേഷം പുതുക്കി പണിയുന്നതിനായി ബെംഗളൂരുവിലെ വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മാസങ്ങളോളം വര്‍ക്ക് ഷോപ്പില്‍ കിടന്ന വാഹനം പിന്നീട് കെഎസ്ആര്‍ടിസിയുടെ പാപ്പനംകോട്ടെ വര്‍ക് ഷോപ്പിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ബസ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലേക്ക് മാറ്റാന്‍ തീരുമാനമെടുക്കുന്നത്.

നവകേരള യാത്ര കഴിഞ്ഞയുടൻ ഇൗ ബസ് ആർക്കും വാടകയ്ക്കെടുത്ത് ടൂർ പോകാമെന്നായിരുന്നു അന്നു മന്ത്രിയായിരുന്ന ആന്റണി രാജുവും സിഎംഡിയായിരുന്ന ബിജു പ്രഭാകറും പറഞ്ഞത്. ബസിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ, മുഖ്യമന്ത്രി സഞ്ചരിച്ച ബസ് മ്യൂസിയത്തിൽ വച്ചാൽ പോലും കാണാൻ ആളെത്തുമെന്നും സിപിഎം നേതാക്കൾ തന്നെ അഭിപ്രായപ്പെട്ടിരുന്നു. 1.15 കോടി ചെലവിട്ടാണ് ഇൗ ബസ് വാങ്ങിയത്. ഇപ്പോൾ ബെംഗ‌ളൂരുവിലെത്തിച്ച് സീറ്റു മാറ്റി പരിഷ്കരിച്ചതിന് 2 ലക്ഷത്തോളം രൂപ ചെലവായി.