കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റില്ല: നടപടിയില്‍ ഭേദഗതിയുമായി ട്രംപ്

വാഷിങ്ടണ്‍: കുടിയേറ്റ വിരുദ്ധ നയത്തിന്റെ ഭാഗമായി കുട്ടികളെ കുടംബാംഗങ്ങളില്‍ നിന്ന് അകറ്റുന്ന നിയമത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ നടപടി അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ്. യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റം രൂക്ഷമായതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ശക്തമായ നടപടി അമേരിക്ക സ്വീകരിച്ചത്. മാതാപിതാക്കളെ ജയിലിലടയ്ക്കുകയും കുട്ടികളെ കുടംബത്തില്‍ നിന്ന് അകറ്റുകയായിരുന്നു കുടിയേറ്റത്തിനെതിരെ ട്രംപ് സ്വീകരിച്ച നടപടി.

പുതിയ ഉത്തരവ് പ്രകാരം കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് അകറ്റില്ല എന്നും എന്നാല്‍ കുടിയേറ്റക്കാരെ ഫെഡറല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും അനധികൃതമായി കുടിയേറിയതിന് നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ബുധനാഴ്ചയാണ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്. അതിര്‍ത്തി സുരക്ഷ ശക്തമാക്കുന്നതോടൊപ്പം കുടിയേറ്റക്കാരുടെ വികാരം കൂടി മാനിച്ച് കുടുംബത്തോടൊപ്പം ഒരുമിച്ച് നില്‍ക്കാന്‍ അവരെ അനുവദിക്കുമെന്നും ഉത്തരവില്‍ ഒപ്പുവെച്ച ശേഷം ട്രംപ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ട്രംപി ന്റെ ഈ നടപടിക്കെതിരെ പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു പക്ഷേ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയ ട്രംപ് കുടിയേറ്റക്കാര്‍ രാജ്യത്തെ നശിപ്പിക്കുകയാണെന്നും ഇത്തരം ഒരു സാഹചര്യത്തിന് ഉത്തരവാദികള്‍ ഡെമോക്രാറ്റു കളാണ്. അവര്‍ അനധികൃത ക്രിമിനലുകളായ കുടിയേറ്റക്കാരെ വോട്ടുബാങ്കായി കിട്ടാന്‍ വേണ്ടി രാജ്യത്തേയ്ക്ക് പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്നതുമൂലമാണ് കുട്ടികളെ കുടുംബങ്ങളില്‍ നിന്ന് പിരിക്കാന്‍ നിര്‍ബന്ധിതരാവേണ്ടി വന്നതെന്നും ട്രംപ് പ്രതികരിച്ചിരുന്നു.

മാതാപിതാക്കളില്‍ നിന്ന് കൊച്ചുകുട്ടികളെ അകറ്റുന്ന ഈ ക്രൂരമായ നടപടിക്കെതിരെ യു എസ് പ്രഥമ വനിത മെലാനിയ ട്രംപില്‍ നിന്നുള്‍പ്പെടെ രൂക്ഷ വിമര്‍ശനം നേരിട്ടതോടെയാണ് കുടിയേറ്റക്കാരായ രക്ഷിതാക്കളില്‍ നിന്ന് കുട്ടികളെ അകറ്റാനുള്ള നടപടി ഉപേക്ഷിക്കാന്‍ ട്രംപ് തയ്യാറായത്. മാതാപിതാക്കളില്‍ നിന്ന് അകറ്റിയ കുഞ്ഞുങ്ങള്‍ കരയുന്ന അനവധി ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇത് അന്താരാഷ്ട്രതലത്തില്‍ ട്രംപ്‌നെതിരെ വന്‍വിമര്‍ശനങ്ങള്‍ക്കിടവെക്കുകയും ചെയ്തിരുന്നു.