വൻ നീക്കങ്ങളുമായി ബിജെപി, മോദിക്ക് പിന്നാലെ അമിത് ഷായും യോ​ഗി ആദിത്യനാഥും നിർമല സീതാരാമനും കേരളത്തിലേക്ക്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പ്രചാരണം ലക്ഷ്യമിട്ട് വമ്പൻ നീക്കങ്ങളുമായി കേരള ബിജെപി ഘടകം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളും കൂടി പ്രചാരണം കൊഴുപ്പിക്കാൻ കേരളത്തിലേക്ക് എത്തും. അമിത് ഷാ, യോ​ഗി ആദിത്യനാഥ്, നിർമല സീതാരാമൻ എന്നിവർ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ ഭാ​ഗമാകും എന്ന് റിപ്പോർട്ടുകൾ.

തിരുവനന്തപുരത്ത് അമിത് ഷായും പാലക്കാട് യോ​ഗി ആദിത്യനാഥും പദയാത്രയുടെ ഭാഗമായുള്ള പരിപാടികളിൽ പങ്കെടുക്കും. മറ്റ് പാർട്ടികളിൽ നിന്നും നിരവധി പേർ യാത്രയിൽ ബിജെപി അം​ഗത്വം സ്വീകരിക്കുമെന്നും പാര്‍ട്ടി അവകാശപ്പെട്ടു. യാത്രയുടെ ഒരുക്കങ്ങൾ ദേശീയ നേതൃത്വം വിലയിരുത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടം പദയാത്രയിലൂടെ പൂർത്തിയാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.

അതേസമയം, നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന ആഭ്യൂഹങ്ങൾ ബിജെപി നേതൃത്വം തള്ളിയിരുന്നു. മോദി മത്സരിക്കുമെന്നത് വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രകാശ് ജാവ്ദേക്കർ പറഞ്ഞത്. അതേസമയം പ്രധാനമന്ത്രി മോദിയെ മുൻനിർത്തി തന്നെയായിരക്കും കേരളത്തിലെ ബിജെപിയുടെ പ്രചാരണം.