ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത ആത്മീയനേതാവായി എട്ടുവയസുകാരനായ മംഗോളിയൻ ബാലൻ

ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത ആത്മീയനേതാവായി എട്ടുവയസുകാരനായ മംഗോളിയൻ ബാലൻ. ബുദ്ധമതത്തിലെ ആത്മീയനേതാവായ ​ദലൈലാമയാണ് മംഗോളിയൻ ബാലനെ വാഴിച്ചിരിക്കുന്നത്. ‘ഖൽഖ ജെറ്റ്സൺ ധാബ റിൻപോച്ചെ’ ആയാണ് അമേരിക്കയിൽ ജനിച്ച മംഗോളിയൻ വംശജനായ ഈ ബാലനെ ടിബറ്റൻ ആത്മീയനേതാവായ ദലൈലാമ വാഴിച്ചത്. 2016-ൽ ദലിലാമ മംഗോളിയ സന്ദർശിച്ചപ്പോൾ ഏറ്റവും ഉയർന്ന ആത്മീയ നേതാക്കളിൽ ഒരാളായി ഈ കുട്ടിയെ അംഗീകരിക്കുകയായിരുന്നു.

ഒൻപതാമത്തെ ഖൽഖ ജെറ്റ്‌സൺ റിൻപോച്ചെ ഒരു ടിബറ്റൻ ആയിരുന്നു. 2012-ൽ അദ്ദേഹം മംഗോളിയയിൽ വച്ച് മരണപെട്ടു. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ ഇന്ത്യയിലെ ധർമശാലയിൽ താമസിച്ചു വരുന്നു. അദ്ദേഹത്തിന്റെ മകൻ ചോഫെൽ യോണ്ടൻ ഒരു കഫേ നടത്തി വരുന്നു.

‘ഞങ്ങൾ ധർമശാലയിലാണ് താമസിക്കുന്നത്. 2009ൽ ഞങ്ങൾ മംഗോളിയയിലേക്ക് പോയിരുന്നു. 2012 ൽ ഒമ്പതാമത്തെ ഖൽഖ ജെറ്റ്സൺ റിൻപോച്ചെ ആയിരുന്ന എന്റെ പിതാവ് മംഗോളിയയിൽ വച്ച് അന്തരിച്ചു. പുനർജന്മം ലഭിച്ച ആൺകുട്ടിയെക്കുറിച്ച് എനിക്ക് കൂടുതൽ അറിയില്ല, പക്ഷേ, 2016 ൽ ദലൈലാമ മംഗോളിയ സന്ദർശിച്ചപ്പോൾ ഈ കുട്ടിയെ പത്താമത്തെ ഖൽഖ ജെറ്റ്സൺ റിൻപോച്ചെ ആയി അംഗീകരിച്ചിരുന്നു’, വാർത്താ ഏജൻസിയായ എഎൻഐയോട് ചോഫെൽ യോണ്ടൻ പറഞ്ഞു.

ദലൈലാമയുടെ അംഗീകാരത്തിൽ പിന്നെ പത്താമത്തെ ഖൽഖ ജെറ്റ്സൺ റിൻപോച്ചെയായി മാറിയിരുന്നു. ഈ മാസം ആദ്യം മംഗോളിയൻ ബുദ്ധമത വിശ്വാസികൾക്കൊപ്പം ഈ കുട്ടി ധർമശാല സന്ദർശിക്കുകയുണ്ടായി. ‘പത്താമത്തെ ഖൽഖ ജെസ്റ്റ്സൺ റിൻപോച്ചെയുടെ കുടുംബം ഇതുവരെ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. അവർ അത് രഹസ്യമായി സൂക്ഷിക്കുകയാണ്. ഇതിനു പിന്നിൽ ചില രാഷ്ട്രീയ കാരണങ്ങളുണ്ടാകുമെന്ന് ഞാൻ കരുതുന്നു. സാവധാനം, കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.’ – ചോഫെൽ യോണ്ടൻ പറഞ്ഞു..

ആത്മീയത, രാഷ്ട്രീയം, ലോകത്തെമ്പാടുമുള്ള അടിച്ചമർത്തലുകൾ തുടങ്ങിയ വിഷയങ്ങളിൽ വളരെ പ്രധാനപ്പെട്ട വ്യക്തിത്വമായി പതിനാലാമത് ദലൈലാമയായ ടെൻസിൻ ഗ്യാറ്റ്‌സോയെ കണക്കാക്കപ്പെടുന്നു. തന്റെ മുൻഗാമികളെ അപേക്ഷിച്ച് അദ്ദേഹം വിവരസാങ്കേതികവിദ്യയുടെ പുതിയ കാലത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിലും സമാധാനത്തിന്റെ സന്ദേശം പരത്തുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തുന്നു. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുള്ള ടെൻസിൻ ഗ്യാറ്റ്‌സോ ലോകമെമ്പാടുമുള്ള വിവിധ ദേശങ്ങൾ സന്ദർശിക്കുകയും ജനക്കൂട്ടങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നുണ്ട്.

ഇരുപത്തിനാലാം വയസിൽ സ്വന്തം രാജ്യത്തു നിന്ന് പലായനം ചെയ്യേണ്ടി വന്നയാളാണ് അദ്ദേഹം. തന്റെ മുൻഗാമികളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ കാലം ജീവിക്കുകയും ആ സ്ഥാനത്ത് തുടരുകയും ചെയ്ത ദലൈലാമയാണ് ടെൻസിൻ ഗ്യാറ്റ്‌സോ. തൊണ്ണൂറാം വയസിൽ താൻ വിരമിക്കുമെന്ന് അദ്ദേഹം 2011-ൽ സൂചന നൽകി. 1989-ൽ പതിനാലാം ദലൈലാമയ്ക്ക് സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ലഭിച്ചിരുന്നു.