അനശ്വരക്ക് പലപ്പോഴും ഒരു ആൺകുട്ടിയായി ജീവിക്കാൻ തോന്നിയിട്ടുണ്ട്.

അനശ്വര രാജൻ മലയാള സിനിമയിലേക്ക് ബാലതാരമായിട്ടാണ് ആദ്യം എത്തുന്നത്. ഇപ്പോൾ യുവനടിമാരുടെ താരനിരയിലേക്ക് എത്തിയ താരം ‘സുജാത’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. മഞ്‍ജു വാര്യരുടെ മകളുടെ വേഷത്തിലായിരുന്നു അനശ്വരയുടെ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് തണ്ണീർമത്തൻ ദിനങ്ങൾ, വാങ്ക്, സൂപ്പർ ശരണ്യ തുടങ്ങി സ്‌കൂൾ – കോളേജ് കഥ പറയുന്ന ചിത്രങ്ങളിലെല്ലാം പ്രധാനപ്പെട്ട റോളിൽ അനശ്വര രാജൻ അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും ഒടുവിൽ മൈക്ക് എന്ന സിനിമയിലൂടെയാണ് അനശ്വര പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. വിഷ്‍‍ണു ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്‍ജിത്ത് സജീവനാണ് ചിത്രത്തിൽ നായകൻ. ജെ.എ എന്റർടൈൻമെന്റിന്റെ ബാനറിൽ മൈക്ക് ബോളിവുഡ് സൂപ്പർ താരം ജോൺ എബ്രഹാമാണ് നിർമിക്കുന്നത്.

മൈക്ക് സിനിമയുടെ പ്രചരണത്തിനായി നടന്ന പ്രസ്സ് മീറ്റിൽ അനശ്വര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ‘പലപ്പോഴും ആൺകുട്ടിയായി ജനിച്ചാൽ മതിയെന്ന് തോന്നിയിട്ടുണ്ട്. ആൺകുട്ടിയായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ടല്ല അത്. ഞാൻ ജനിച്ച് വളർന്നത് പ്രിവിലേജ്ഡ് ആയ ഒരു സമൂഹത്തിൽ അല്ല. സാറയെ പോലെ എനിക്കും ആൺകുട്ടിയായി ജനിച്ചാൽ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അത് അവർക്ക് സമൂഹത്തിൽ കിട്ടുന്ന പ്രിവിലേജും സ്വാതന്ത്ര്യവും കൊണ്ടാണ്.’ അനശ്വര പറയുകയുണ്ടായി.

‘ആരെങ്കിലും തരേണ്ടതല്ല സ്വാതന്ത്ര്യം. പക്ഷെ ഒരു പെൺകുട്ടി രാത്രിയിൽ പുറത്തിറങ്ങിയാൽ ഉള്ള നോട്ടങ്ങൾ ഉണ്ടല്ലോ? അത് നമ്മളെ തന്നെ ചങ്ങലയിടുന്നതല്ലേ? സൊസൈറ്റിയിൽ നിന്ന് വരുന്ന അത്തരം റെസ്‌പോൺസ് കൊണ്ടാണത്. മൈക്ക് എന്ന സിനിമയിലൂടെ അത്തരം കാര്യങ്ങൾ ആൾക്കാരിലേക്ക് എത്തിക്കും’, അനശ്വര പറയുന്നു.

ജോൺ എബ്രഹാം നിർമിക്കുന്നുവെന്ന് അറിഞ്ഞതുകൊണ്ട് മാത്രമല്ല, സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടതുകൊണ്ട് കൂടിയാണ് മൈക്കിൽ അഭിനയിക്കാൻ അനശ്വര തീരുമാനിച്ചത്. ബൻസാലി പ്രൊഡക്ഷൻസിനൊപ്പം പ്രവർത്തിക്കണമെന്ന ആഗ്രഹവും അനശ്വരക്കുണ്ട്. ഇഷ്ടമല്ലാതെ സിനിമകൾ ഒന്നും ഇതുവരെ അനശ്വര ചെയ്തിട്ടില്ല. സ്വന്തം സിനിമകൾ കാണാൻ അനശ്വരക്ക് ചമ്മലാണ്. പ്രതിഫലത്തിന്റെ പേരിൽ ഇതുവരെ അനശ്വര വാശിപിടിച്ചിട്ടില്ല. പക്ഷെ ചിലപ്പോഴൊക്കെ അനശ്വരയുടെ മാനേജർക്ക് സംസാരിക്കേണ്ടി വന്നിട്ടുണ്ട്.

‘അനശ്വരക്ക് ചിലകാര്യങ്ങൾ വാശി കുറച്ച് കൂടുതലാണ്. റിയൽ ലൈഫിൽ ഇടയ്ക്കൊക്കെ അനശ്വരക്ക് അഭിനയിക്കേണ്ടിയും വന്നിട്ടുണ്ട്. മൈക്കിലെ കഥാപാത്രത്തിന് വേണ്ടി മുടി മുറിച്ചതെന്തിനാണെന്ന് നിരവധിപ്പേരാണ് അനശ്വരയോട് ചോദിച്ചിരുന്നത്.

ആദ്യമൊക്കെ ബോഡി ഷെയ്മിങ് കമന്റുകൾ വരുമ്പോൾ അനശ്വര വിഷമിച്ചിരുന്നു. ഈയിടെ അനശ്വര മുഖത്ത് പ്ലാസ്റ്റിക്ക് സർജറി ചെയ്തെന്നു പ്രചരിച്ചിരുന്നു അത് അനശ്വരയെ അത്ഭുതപ്പെടുത്തി. പക്ഷെ അനശ്വര അങ്ങനെ ചെയ്തിട്ടില്ല. വളർന്നപ്പോൾ വന്ന മാറ്റമാണത്. പിന്നെ കുറച്ച് മേക്കപ്പ്, ഡ്രെസ്സിങ് എന്നിവയിലൂടെയും രൂപത്തിൽ‌ മാറ്റം വന്നു. രാംഗി എന്നൊരു തമിഴ് ചിത്രവും അനശ്വര രാജന്റേതായി പ്രദർശനത്തിന് എത്താനിരിക്കുകയാണ്.