ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ നിയമനം; സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യം സുപ്രീംകോടതി

ന്യൂഡൽഹി. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമാണെന്ന് സുപ്രീം കോടതി. ചില സംസ്ഥാനങ്ങൾ ഈ അനുമതി വേഗത്തിൽ നൽകും. മറ്റു ചില സംസ്ഥാനങ്ങൾ അനുമതി നൽകാൻ സമയമെടുക്കുമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് വിനോദ് ചന്ദ്രനെ പട്ന ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള കൊളീജിയം ശുപാർശ വൈകുന്നത് ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റിസ് കൗളിന്റെ പ്രതികരണം. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം നൽകിയ ശുപാർശകളിൽ ചിലതിൽ വേഗത്തിൽ തീരുമാനം ഉണ്ടായതായി ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അരവിന്ദ് ദത്താർ ചൂണ്ടിക്കാട്ടി.

എന്നാൽ ജസ്റ്റിസ് വിനോദ് ചന്ദ്രനെ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനുള്ള ശുപാർശയിൽ തീരുമാനം വൈകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്നാണ് സംസ്ഥാനങ്ങളുടെ അനുമതി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനത്തിന് ആവശ്യമാണെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അഭിപ്രായപ്പെട്ടത്.