രാഹുൽ ​ഗാന്ധി കോൺഗ്രസ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി, പ്രഖ്യാപനവുമായി അശോക് ഗെലോട്ട്

ന്യൂഡൽഹി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് . 26 പ്രതിപക്ഷ പാർട്ടികളും ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണ് ഇന്ത്യ സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചതെന്നും എന്നിരുന്നാലും രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതായും ഗെലോട്ട് വ്യക്തമാക്കി.

അതേ സമയം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 50% വോട്ടുകൾ നേടി അധികാരത്തിലെത്താൻ എൻഡിഎ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന്, മോദിക്ക് ഒരിക്കലും അതു നേടാനാകില്ലെന്നു ഗെലോട്ട് പറഞ്ഞു.

2014ൽ 31 ശതമാനം വോട്ട് നേടി ബിജെപി അധികാരത്തിൽ വന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയാകരുത്. ബാക്കിയുള്ള 69 ശതമാനം വോട്ടുകളും അദ്ദേഹത്തിന് എതിരായിരുന്നു. ജനപ്രീതിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ 50% വോട്ട് ഉറപ്പാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. മോദിയുടെ വോട്ട് വിഹിതം കുറയുമെന്നും ഗെലോട്ട് പറഞ്ഞു.

‘‘2024 ലെ തിരഞ്ഞെടുപ്പ് ഫലം ആരാണ് പ്രധാനമന്ത്രിയാകുന്നത് എന്ന് നിർണയിക്കും. ജനാധിപത്യത്തിൽ ഭാവിയെക്കുറിച്ച് പ്രവചനങ്ങൾ നടത്തുന്നത് സാധ്യമല്ല. ഈ തീരുമാനം ജനങ്ങളാണ് എടുക്കേണ്ടത്. മോദി നിരവധി വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ അവർക്ക് എന്താണ് സംഭവിച്ചതെന്ന് ജനങ്ങൾക്ക് അറിയാമെന്നും അശോക് ഗെലോട്ട് കൂട്ടിച്ചേർത്തു.