സർജറി കഴിഞ്ഞു, ഇപ്പോൾ വിശ്രമത്തിൽ, പ്രാർത്ഥനകളിൽ പരി​ഗണിക്കണം- അഷ്റഫ് താമരശ്ശേരി

കോഴിക്കോട്: പ്രവാസലോകത്ത് ജീവൻ പൊലിയുന്നവരുടെ അവസാനത്തെ അത്താണിയാണ് അഷ്‌റഫ് താമരശ്ശേരി. പ്രവാസിലോകത്ത് മരണപ്പെട്ടവരെ അന്ത്യവിശ്രമത്തിനായി വീട്ടുകാരുടെ അടുത്തേക്ക് എത്തിക്കാൻ നിസ്വാർഥ സേവനം ചെയ്യുകയാണ് അദ്ദേഹം. പ്രവാസ ലോകത്ത് മരിച്ചവർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരു അസാമാന്യ മനുഷ്യനാണ്.

ജീവിച്ചിരിക്കുന്നവർക്ക് പോലും നന്മ ചെയ്യാൻ മടിയുള്ള കാലത്താണ് മൃതദേഹങ്ങൾക്കായി അഷ്‌റഫിന്റെ ഓട്ടം. അന്യനാട്ടിൽ മരണത്തിന് മുമ്പിൽ പകച്ചു നിൽക്കുന്നവരുടെ ആദ്യ വിളിയെത്തുക അഷ്‌റഫിന്റെ ഫോണിലേക്കാണ്. കഴിഞ്ഞ ദിവസം സർജറിയുമായി ബന്ധപ്പെട്ട് ആശുപത്രിയിലാണെന്ന് അഷ്റഫ് പങ്കിട്ടിരുന്നു. സർജറി കഴിഞ്ഞെന്നും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്നും പറഞ്ഞെത്തിയിരിക്കുകയാണ് ഇപ്പോൾ. കോഴിക്കോടുള്ള മെയ്ത്ര ആശുപത്രിയിൽ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയയായിരിക്കുന്നത്. എല്ലാവരും ആരോഗ്യത്തിന് വേണ്ടി പ്രാർഥിക്കണമെന്നും അദ്ദേഹം പറയുന്നു.

കുറിപ്പിങ്ങനെ, കഴിഞ്ഞ 10 വർഷത്തോളമായി നടു വേദന കൊണ്ട് ബുദ്ധിമുട്ടുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം ഇന്നലെ രാവിലെ സർജറിക്ക് വിധേയമാവുകയായിരുന്നു. കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ രാവിലെ 8 മണിക്ക് തുടങ്ങിയ ഓപ്പറേഷൻ 11 മണിയോട് കൂടി കഴിഞ്ഞു. ഉച്ചക്ക് ഒന്നര മണിയോട് കൂടി റൂമിലെത്തി. ഇപ്പോൾ വിശ്രമത്തിലാണ്. എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്… എല്ലാവരുടെയും പ്രാർഥനകളിൽ എന്നെയും പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.