ദിവസങ്ങൾ എണ്ണപ്പെട്ടു, പറയുവാനുള്ള കാര്യങ്ങൾ റിക്കാർഡ് ചെയ്ത് ബാലഭാസ്‌കറിന്റെ ബന്ധുവിനെയുെ അഭിഭാഷകനെയും ഏൽപ്പിച്ചിട്ടുണ്ട്: കലാഭവൻ സോബി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്നും സ്വർണ്ണക്കടത്തു കേസിലെ പ്രതികൾക്ക് ബന്ധമുണ്ടെന്നും കലാഭവൻ സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. സരിത്തിനെ ബാലഭാസ്ക്കർ അപകടപ്പെട്ട സ്ഥലത്ത് കണ്ടെന്നാണ് സോബി പറഞ്ഞത്. വെളിപ്പെടുത്തൽ നടത്തിയതിനുപിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സോബി പറഞ്ഞിരുന്നു. ഇപ്പോളിതാ പുതിയ വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുകയാണ് സോബി. മാധ്യമപ്രവർത്തകരുടെ അറിവിലേയ്ക്ക് ‘യാത്രമൊഴി’ എന്ന ശീർഷകത്തോടുകൂടി ഒരു കുറിപ്പാണ് പങ്കുവെച്ചിരിക്കുന്നത്.

ദിവസങ്ങൾ എണ്ണപ്പെട്ടു എന്നറിയാം, പറയുവാൻ ബാക്കിവച്ച കാര്യങ്ങൾ വീഡിയോ രൂപത്തിൽ റിക്കാർഡ് ചെയ്ത് ബാലഭാസ്‌കറിന്റെ കസിൻ സിസ്റ്റർ പ്രിയ വേണുഗോപാലിനെയും എന്റെ അഭിഭാഷകൻ രാമൻ കർത്താ സാറിനൈയും എൽപ്പിച്ചിട്ടുണ്ട്. എന്നെക്കൊണ്ട് ശത്രുപക്ഷം മൊഴി നൽകിക്കില്ല എന്ന് ഉറപ്പുവന്ന സാഹചര്യത്തിലാണ് ഇങ്ങിനെ ചെയ്യേണ്ടിവന്നതെന്നും അദ്ദേഹം പറയുന്നു.

കുറച്ച്‌ വീഴ്ചകൾ പലകാര്യങ്ങളിലും എനിക്ക് ജീവിതത്തിൽ പറ്റിയിട്ടുണ്ട്. എങ്കിലും അതിൽ കൂടുതൽ ചെയ്യാത്ത കുറ്റങ്ങൾ കുറച്ചുപേർ എന്നിൽ ചാർത്തി തരുകയാണ് ചെയ്തത്. ഇതിനെ പ്രതിരോധിക്കാൻ പേടി ഉണ്ടായിട്ടല്ല പ്രതികരിക്കാത്തത്. എന്നോടുകൂടി മണ്ണടിയേണ്ട കുറച്ച്‌ കാര്യങ്ങൾ എന്നെ ഏൽപ്പിച്ചിട്ടാണ് ആബേലച്ചൻ പോയത്. എന്റെ വളർത്തച്ഛൻ കൂടിയായ ആബേലച്ചന്റെ വാക്ക് പാലിക്കുന്നു എന്നെ ഉള്ളു. ബാലുവിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ഞാൻ പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനമില്ല എന്ന് പറഞ്ഞ് ഒരു കോമാളിയുടെ വേഷം കെട്ടിച്ചു.

ഇതിൽ മുഖ്യ പങ്ക് വഹിച്ചത് ഇസ്രയേലിൽ ജോലിചെയ്യുന്ന കോതമംഗലം സ്വദേശിയാണെന്നും ഇവരുടെ വിവരങ്ങൾ രേഖപ്പെടുത്തി വച്ചിട്ടുണ്ടെന്നും സോബി അറിയിപ്പിൽ പറയുന്നു. ഒരു കോമാളിയായിട്ടാണ് മടങ്ങുന്നതെങ്കിലും ഇന്ത്യ കണ്ട ഏറ്റവും ആസുത്രിതമായ കൊലപാതകമായിരുന്നു ബാലുവിന്റെതെന്ന് ചരിത്രം തെളിയിക്കുമെന്നും ഈയവസരത്തിൽ താൻ പറഞ്ഞ കാര്യം ആരും മറക്കരുതെ എന്നും സോബി അഭ്യർത്ഥിക്കുന്നു.