വാച്ചും മൊബൈൽ ഫോണും വരെ വിൽക്കേണ്ടി വന്നു. അതൊന്നും മറ്റുള്ളവരെ അറിയിച്ചിട്ടില്ല- ബഷീർ ബഷി

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും യൂട്യൂബ് വിഡിയോകളിലൂടെയും പ്രേക്ഷക മനസുകളിൽ ഇടംനേടിയ ബഷീർ ബഷി, തന്റെ കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അടുത്തിടെയാണ് ബഷീർ പങ്കുവച്ചിരുന്നത്. ‘വീണ്ടും അച്ഛനാകുന്നു’ എന്ന വലിയ സർപ്രൈസാണ് അന്ന് ബഷീർ ബഷി പങ്കിട്ടിരുന്നത്. മഷൂറയുടെ വളക്കാപ്പ് ചടങ്ങിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുമായി പങ്കുവച്ചിരുന്നതാണ്. ബഷീർ ബഷിയും കുടുംബവും, മഷൂറയുടെ യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ വെളിപ്പെടുത്താറുണ്ട്.

രണ്ടു ഭാര്യമാരും മൂന്നു മക്കളുമുള്ള ബഷീർ ബഷിയുടെ കുടുംബത്തിന്റെ പോസ്റ്റുകൾ വളരെ എളുപ്പം വൈറലായി മാറാറുണ്ട്. ഏറ്റവും ഇളയ മകൻ പിറന്നപ്പോൾ തന്നെ അവനു വേണ്ടി ഇൻസ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകൾ കുടുംബം ആരംഭിച്ചിരുന്നു. ഇളയ കുഞ്ഞിന്റെ ജനനത്തിനു പിന്നാലെ ബഷീർ ബഷിയുടെ യൂട്യൂബ് ചാനലിന് വൺ മില്യൺ ഫോളോവേഴ്‌സും ആയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിന്നുമുള്ള വരുമാനവും, ബിസിനസ് വഴിയുള്ള സമ്പാദ്യവും ഒക്കെ ചേർത്തു അടിച്ചു പൊളിച്ചു ജീവിക്കുന്ന ബഷീർ ബഷിയെയാണ് പുറം ലോകം കാണുന്നത്. എന്നാൽ ജീവിക്കാൻ നിവർത്തിയില്ലാതിരുന്ന കാലത്തെക്കുറിച്ചാണ് ഈ പോസ്റ്റിൽ ബഷീർ ബഷി പറയുന്നത്.

അന്ന് കുടുംബത്തിൽ ഇത്രയും അംഗങ്ങൾ ഇല്ല. ആദ്യഭാര്യ സോനുവും മൂത്ത മകളും മാത്രമുണ്ടായിരുന്ന നാളുകളിലാണ് അങ്ങനെ ജീവിച്ചത് എന്ന് ബഷീർ ബഷി പറയുന്നു. മകൾ അന്ന് പിഞ്ചുകുഞ്ഞാണ്‌. രണ്ടു മാസത്തോളം ഡിപ്രഷൻ അനുഭവിച്ചു. കയ്യിലെ വാച്ചും മൊബൈൽ ഫോണും വരെ വിൽക്കേണ്ടി വന്നു. അതൊന്നും മറ്റുള്ളവരെ അറിയിച്ചിട്ടില്ല. ഇന്ന് BMW, ഥാർ, രണ്ടു വീട്, വസ്തുവകകൾ എന്ന നിലയിൽ കാര്യങ്ങൾ മാറി. കഷ്‌ടപ്പെട്ടിട്ടുള്ള കാലമുണ്ട്. അപ്പോഴും ആരെയും ബുദ്ധിമുട്ടിക്കാൻ പോയിട്ടില്ല എന്ന് ബഷീർ പറയുന്നു.