സുഹാന ​ഗർഭിണിയായപ്പോൾ ഇത്രയും സെറ്റപ്പില്ലായിരുന്നു, അന്ന് തുണിയായിരുന്നത് ഇപ്പോൾ റെഡിമെയ്ഡായി- ബഷീറും കുടുംബവും

സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച വൈറൽ കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീർ സോഷ്യൽമീഡിയകളിൽ‌ വീഡിയോ ചെയ്താണ് ആരാധകരെ സമ്പാദിച്ചതെങ്കിലും മലയാളികൾക്ക് ബഷീർ സുപരിചിതനായത് ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ബഷീർ ബഷി ബി​ഗ് ബോസിൽ മത്സരാർഥിയായിരിക്കെ എൺപത്തിയഞ്ചാം ദിവസമാണ് മത്സരത്തിൽ നിന്നും പുറത്തായത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചുരുക്കം ചിലരിൽ ഒരാളുമായിരുന്നു ബഷീർ ബഷി. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്.

ഇപ്പോളിതാ ആശുപത്രിയിലേക്ക് പോകാനായി സാധനങ്ങൾ വാങ്ങുന്നതിന്റെ വീഡിയോയാണ് പങ്കിട്ടിരിക്കുന്നത്. ഹോസ്പിറ്റലിൽ അഡ്മിറ്റാകുന്നതിന് മാസങ്ങൾക്ക് മുൻപേ മഷൂറയ്ക്ക് വേണ്ടി ബഷീർ മുറിയൊക്കെ ബുക്ക് ചെയ്തിരിക്കുകയാണ്. അത്യാവശ്യം എല്ലാവിധ സൗകര്യങ്ങളുമുള്ള മുറി തന്നെയാണ് താരങ്ങൾ തിരഞ്ഞെടുത്തതും. ആദ്യ ഭാര്യ സുഹാനയും മക്കളും മഷൂറയുടെ ഉമ്മയുമൊക്കെ ചേർന്നാണ് ഷോപ്പിങ്ങിന് ഇറങ്ങിയത്.

ബ്ലാങ്കറ്റ്, തൊപ്പി, ഉടുപ്പുകൾ എന്നിങ്ങനെ പലതും സെലക്ട് ചെയത് വാങ്ങി. മക്കളും മാതാപിതാക്കളുമൊക്കെ ഓടി നടന്നാണ് കുഞ്ഞുവാവയ്ക്ക് വേണ്ടിയുള്ള സാധനങ്ങളൊക്കെ തിരഞ്ഞെടുത്തത്. ആൺകുട്ടിയോ പെൺകുട്ടിയോ എന്നറിയാത്തത് കൊണ്ട് പിങ്ക്, ബ്ലൂ എന്നിങ്ങനെ രണ്ട് കളറിലുള്ള സാധനങ്ങളും വാങ്ങുകയാണ് ചെയ്തത്.ഒരു അമ്മയാവുന്നതിന്റെ എല്ലാ എക്‌സൈറ്റ്‌മെന്റും തനിക്കുണ്ടെന്നാണ് മഷൂറ പറഞ്ഞത്. ഓരോ സാധനങ്ങൾ വാങ്ങുമ്പോഴും ബഷീറിന്റെ ഇഷ്ടമെന്താണെന്ന് നോക്കി എടുക്കുന്നതാണ് തനിക്ക് സംതൃപ്തി തരുന്നതെന്നും മഷൂറ സൂചിപ്പിച്ചു. ഇതിനിടയിൽ എന്തൊക്കെ വാങ്ങിയെന്നോ ഒന്നും മനസിലാക്കാൻ പറ്റുന്നില്ലെന്നും ബഷീർ പറയുന്നു.

അതേസമയം സുഹാന ഗർഭിണിയായിരുന്നപ്പോഴും കുഞ്ഞുങ്ങൾ ജനിച്ചപ്പോഴൊന്നും ഇത്രയും സെറ്റപ്പായിട്ട് സാധനങ്ങളൊന്നും കിട്ടിയിട്ടില്ലെന്നാണ് താരം പറഞ്ഞത്. അന്ന് എല്ലാം തുണി കൊണ്ട് അഡ്ജസ്റ്റ് ചെയ്താണ് ഉപയോഗിച്ചത്. ഇന്ന് എല്ലാത്തിനും റെഡിമെയ്ഡായി. നമ്മളും സെറ്റപ്പായെന്ന് ബഷീർ പറയുന്നു. എന്നാൽ ഇതിൽ പല സാധനങ്ങളും അന്നേ വാങ്ങിയിട്ടുണ്ടെന്നും ബഷീർ ഇതൊക്കെ മറന്നതാണെന്നും പറഞ്ഞ് സുഹാന എത്തി.

ഇളയമകൻ സൈഗുവിന് തന്നെ ആറ് വയസായി. അപ്പോൾ അന്ന് ചെയ്‌തൊക്കെ മറന്ന് പോയതായിരിക്കുമെന്നും ഭാര്യ കൂട്ടിച്ചേർത്തു. എന്തായാലും കുഞ്ഞിനെ കാണാൻ കൊതിയായിട്ട് വയ്യെന്ന അവസ്ഥയിലാണ് താനെന്നാണ് മഷൂറ പറയുന്നത്.സാധനങ്ങളൊക്കെ വാങ്ങാൻ വന്നതിന് ശേഷം ആവേശം കൂടിയെന്നാണ് താരങ്ങൾ പറഞ്ഞത്. അതേ ആവേശത്തിലാണ് ഞങ്ങളെന്ന് ആരാധകരും കൂട്ടിച്ചേർത്തു. ആരോഗ്യമുള്ളൊരു കുഞ്ഞിനെ ലഭിക്കട്ടെ എന്നും അതിന്റെ മുഖം കാണാൻ ഞങ്ങളും കാത്തിരിക്കുകയാണെന്നുമൊക്കെയാണ് മഷൂറയുടെ വീഡിയോയുടെ താഴെ വരുന്ന കമന്റുകളിൽ ആരാധകർ പറയുന്നത്.