ആരാധകന്റെ കുഞ്ഞിന് പേരിട്ടത് അഭിമാന നിമിഷം, ഭാവന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. വിവാഹത്തിന് ശേഷം മലയാള സിനിമയിൽ നടി അത്ര സജീവമല്ല. ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ് ഭാവന. ഷറഫുദ്ധീൻ ഒപ്പം അഭിനയിക്കുന്ന ‘ന്റിക്കാക്കക്കൊരു പ്രേമമണ്ടർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഭാവന മലയാളത്തിലേക്ക് വരുന്നത്. ഈ സമയങ്ങളിൽ കന്നഡ സിനിമകളിലായിരുന്നു ഭാവന അഭിനയിച്ചുകൊണ്ടിരുന്നത്. ഭാവനയുടെ ഭർത്താവ് നവീൻ കന്നഡ സിനിമയിലെ നിർമ്മാതാവ് കൂടിയാണ്. 2018-ലായിരുന്നു ഭാവനയുടെ വിവാഹം. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങൾ തരണം ചെയ്തു പലർക്കും പ്രചോദനമായി മുന്നോട്ട് വന്നിട്ടുള്ള ഒരാളാണ് ഭാവന. പലരും ആ സമയത്ത് മാറിനിന്നപ്പോഴും കാമുകനായ നവീൻ താരത്തിന് ഒപ്പമുണ്ടായിരുന്നു.

ആരാധകരായ ദമ്പതികളുടെ മകൾക്ക് ഭാവന പേരിട്ടത് വലിയ വാർത്തയായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു സംഭവം. ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് താരം എത്തിയപ്പോഴായിരുന്നു പേരിടൽ നടന്നത്.സന്ദീപ്-സുമ ദമ്പതികളാണ് താരത്തെക്കൊണ്ട് തങ്ങളുടെ മകളുടെ പേര് വിളിപ്പിച്ചത്. രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ പേര് സമൃദ്ധ എന്നായിരുന്നു. വൈറലായി മാറിയ ഈ സംഭവത്തെക്കുറിച്ച് ഭാവന മനസ് തുറക്കുകയാണ്.

ഞാൻ തീരെ പ്രതീക്ഷിക്കാതെ സംഭവിച്ച കാര്യമായിരുന്നു അത്. ഒരു ഉദ്ഘാടനത്തിന് പോയപ്പോഴാണ് ഒരു ഭാര്യയും ഭർത്താവും വന്നിട്ടുണ്ടെന്നും അവരുടെ കുഞ്ഞിന്റെ പേര് ഭാവന വിളിക്കണമെന്നാണ് അവരുടെ ആഗ്രഹമെന്നും എന്നോട് പറയുകയായിരുന്നു. കുറച്ച് നേരം നോക്കിയ ശേഷം ഞാനോ ഞാനോ എന്ന് ചോദിക്കുകയായിരുന്നു ഞാൻ. പേര് നേരത്തെ തന്നെ അവർ തീരുമാനിച്ചിരുന്നു. ഞാനൊന്ന് വിളിച്ച് തരണമെന്നാണ് പറഞ്ഞത്.

അവർക്ക് എത്ര സന്തോഷം അതിൽ നിന്നുമുണ്ടായോ അതിന്റെ പത്തിരട്ടി സന്തോഷം എനിക്കുണ്ടായിരുന്നു. എനിക്കത് വളരെ വൈകാരികമായൊരു നിമിഷമായിരുന്നു. അതൊക്കെ ഒരു അനുഗ്രഹമായിട്ടാണ് കാണുന്നത്. മുമ്പ് ഊട്ടിയിലൊരു സിനിമ ചെയ്തു കൊണ്ടിരിക്കേ, ഒരു തമിഴ് കുടുംബം വന്നു. കുട്ടിയ്ക്ക് ഒരു പേര് പറഞ്ഞു തരുമോ എന്ന് ചോദിച്ചു. ഞാനോ എന്ന് ഞാൻ അമ്പരന്നു പോയി. അന്ന് ഞാൻ തമിഴിൽ ഒരു സിനിമയെങ്ങാനുമേ ചെയ്തിട്ടുള്ളൂ. പെട്ടെന്ന് മനസിലേക്ക് വന്നത് ഗായത്രി എന്ന പേരായിരുന്നു. അവർ കുട്ടിയ്ക്ക് ഗായ്ത്രി എന്ന് പേരിടുകയും ചെയ്തു. എനിക്കിത് സ്ഥിരം പരിപാടിയാണെന്ന് കരുതരുത്. അത് ഭയങ്കര രസമായിട്ട് ചെയ്ത് പോയതാണ്.