കോവിഡിനെ പ്രതിരോധിക്കുന്ന ഡോക്ടര്‍ ഒരാഴ്ചയായി ജീവിക്കുന്നത് കാറിനുള്ളില്‍, കാരണം

കോവിഡിനെ ചെറുത്ത് തോല്‍പ്പിക്കാനുള്ള തയ്യാറടെുപ്പിലാണ് രാജ്യം. ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും രാവും പകലും മറന്ന് പണിയെടുക്കുകയാണ്. ഈ മഹാമാരിമൂലം നിരവധിപ്പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കോവിഡിനെ ചെറുത്ത് തോല്‍പ്പിക്കുന്നവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത് നിരവധിയാണ്. അത്തരത്തില്‍ ഒരു പോരാളിയാണ് ഭോപ്പാലിലെ ജെപി ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ സച്ചിന്‍ നായിക്. കൊവിഡ് ചികിത്സയുടെ ചുമതലയുള്ള സച്ചിന്‍ ഒരാഴ്ചയായി ജീവിക്കുന്നത് തന്റെ കാറിനുള്ളിലാണ്. ജെപി ആശുപത്രിയില്‍ കൊവിഡ് ബാധിച്ചവരെ ചികിത്സിക്കുന്നവരില്‍ ഉള്‍പ്പെടുന്നയാളാണ് സച്ചിനും. ജോലി അവസാനിച്ച ശേഷം കാറിനുള്ളിലാണ് സച്ചിന്‍ വിശ്രമിക്കുന്നതും ഉറങ്ങുന്നതുമെല്ലാം. മറ്റെരാള്‍ക്ക് പോലും താന്‍ മൂലം രോഗം വരരുതെന്ന കരുതലിലാണ് വീട്ടിലോട്ട് പോലും പോകാതെ കാറിനുള്ളിലെ ജീവിതം സച്ചിന്‍ ആരംഭിച്ചത്.

ദിനചര്യക്ക് വേണ്ടതെല്ലാം കാറിനുള്ളില്‍ ഉണ്ടെന്നും വായിക്കാനുള്ള പുസ്തകങ്ങള്‍ അടക്കം സജ്ജമാക്കിയിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ഒരാഴ്ചയായി ഇങ്ങനെയാണ് സച്ചിന്റെ ജീവിതം. ഫോണിലൂടെയും വീഡിയോ കോളിലൂടെയുമാണ് വീട്ടിലുള്ളവരുമായി സച്ചിന്‍ ബന്ധപ്പെടുന്നത്. കൊവിഡ് ബാധിച്ചവരെ ചികിത്സിക്കുന്നതിനാല്‍ തനിക്കും രോഗം വരാനുള്ള സാധ്യതയാണ് സച്ചിന്‍ മുന്നില്‍ കണ്ടത്. അങ്ങനെ സംഭവിച്ചാല്‍ തന്റെ ഭാര്യക്കോ കുഞ്ഞിനോ ഒക്കെ അത് പടരാനുള്ള സാധ്യതയുണ്ട്. അത് ഒഴിവാക്കാനാണ് ആശുപത്രിക്ക് സമീപം കാര്‍ പാര്‍ക്ക് ചെയ്ത ശേഷം തന്റെ ജീവിതം അതിനുള്ളിലേക്ക് സച്ചിന്‍ മാറ്റിയത്. സോഷ്യല്‍ മീഡിയയില്‍ സച്ചിന്റെ ചിത്രം വൈറലായതോടെ അഭിനന്ദനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനും രംഗത്ത് വന്നിരുന്നു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 149 ആയി. രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 35 മരണം സംഭവിച്ചത് ഏറ്റവും വലിയ കുതിപ്പാണിത്. ഇതിനിടെ രോഗബാധിതരുടെ എണ്ണം 5,200 ആയി ഉയരുകയും ചെയ്തു. 5194 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.