അടുത്ത വര്‍ഷത്തെ കലണ്ടറില്‍ ഒളിച്ചിരുന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍; കന്യാസ്ത്രീ പീഡനക്കേസിലെ വിചാരണയ്ക്കിടെ ഇങ്ങനെയും സെലിബ്രിറ്റിയാകാം

തൃശ്ശൂര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായി വിചാരണ നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഫോട്ടോയുമായി കാത്തോലിക്ക സഭയുടെ അടുത്ത വര്‍ഷത്തെ കലണ്ടര്‍ പുറത്തിറങ്ങി. 2021 വര്‍ഷത്തെ കലണ്ടറിലാണ് രൂപത ബിഷപ്പിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കോട്ടയം കുറുവിലങ്ങാട് പള്ളിക്കു മുന്നിലാണ് വിശ്വസികള്‍ കലണ്ടര്‍ കത്തിച്ച് പ്രതിഷേധിച്ചത്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാകുകയും പിന്നീട് ജയില്‍വാസം അനുഭവിക്കുകയും ചെയ്ത കുറ്റാരോപിതനാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ. ഒടുവില്‍ ഉപാധികളോടെയാണ് ബിഷപ്പിന് ജാമ്യം ലഭിച്ചത്. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ബലാത്സംഗ കേസില്‍ അറസ്റ്റിലായ വ്യക്തിയെ സഭ സംരക്ഷിക്കുന്നതാണ് വിശ്വാസികളില്‍ അമര്‍ഷം ഉണ്ടാക്കിയിരിക്കുന്നത്. ഫ്രാങ്കോയുടെ ജന്മദിനം അടയാളപ്പെടുത്തുന്നതിനാണ് കലണ്ടറില്‍ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ തൃശൂര്‍ രൂപത കലണ്ടറില്‍ ഫ്രാങ്കോയുടെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.