ഉദ്ധവ് വീണു, മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ അധികാരത്തിലേക്ക്.

 

മുംബൈ/മുഴുനീള രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ഉദ്ധവ് താക്കറെയുടെ രാജിക്ക് പിറകെ മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ അധികാരത്തിലേക്ക്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ദേവേന്ദ്ര ഫഡ്നവിസ് വ്യാഴാഴ്ച ഗവർണറെ കാണുമെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ രൂപീകരിക്കും എന്ന് ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. നടപടികൾ രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാകു മെന്നും ദേവേന്ദ്ര ഫട്നാവിസ് അറിയിക്കുകയുണ്ടായി.

വിമത ശിവസേന എംഎല്‍എമാരോട് ഉടൻ മുംബൈയിലേക്ക് എത്തേണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞാ ദിവസം എത്തിയാൽ മതിയെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ നിർദേശം നൽകിയിരിക്കുന്നത്. ഹോട്ടലിൽ താമസിക്കുന്ന വിമത എംഎൽഎമാരെ ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇതിനിടെ സന്ദർശിക്കുകയുണ്ടായി.

സ്വന്തം പാർട്ടിയിലെ വിമതർ ഉയർത്തിയ കലാപ നീക്കങ്ങളിൽ അടിപതറിയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി വെക്കുന്നത്. ശിവസേനയും എൻസിപിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാ വികാസ് അഘാഡിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലം ഇല്ലെന്ന് ഉറപ്പായതോടെ ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിച്ച് സഹകരിച്ചവർക്ക് നന്ദി അറിയിക്കുകയായിരുന്നു.

2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂട്ടായി ജനവിധി തേടിയ ബിജെപിയും ശിവസേനയും മുഖ്യമന്ത്രിപദം തുല്യമായി പങ്കുവയ്ക്കുന്നതു സംബന്ധിച്ച ഭിന്നത രൂക്ഷമായതിനെ തുടർന്ന് വേർപിരിയുകയായിരുന്നു. എൻസിപിയും കോൺഗ്രസു മായി കൈകോർത്ത ഉദ്ധവ് രണ്ടര വർഷക്കാലം മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന് പടിയിറങ്ങുകയായിരുന്നു.

ബുധനാഴ്ച മന്ത്രിസഭായോഗത്തിൽ പങ്കെടുത്ത് ഉദ്ധവ് സഹകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. ഹിന്ദുത്വ അജൻഡയിൽനിന്നു താനും ശിവസേനയും പിന്നോട്ടു പോയിട്ടില്ലെന്ന സന്ദേശമാണ് ഒടുവിലും നൽകിയത്. അവസാനത്തെ മന്ത്രിസഭാ യോഗത്തിൽ ഔറംഗബാദിന്റെയും ഉസ്മാനാബാദിന്റെയും പേരുമാറ്റംഅദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. ബാൽ താക്കറെയുടെ കാലം മുതൽ ഔരംഗബാദിന്റെ പേരുമാറ്റം ശിവസേനയുടെ പ്രധാന അജണ്ടയായിരുന്നു.

നിലവിലെ മഹാരാഷ്ട്ര പ്രശ്നങ്ങൾ ശിവസേനയുടെ ആഭ്യന്തരപ്രശ്നമാണെന്നും പങ്കില്ലെന്നുമാണ് ബിജെപി ആവർത്തിച്ച് പറഞ്ഞിട്ടുള്ളത്. അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അനുഗ്രഹാശിസ്സോടെ പ്രതിപക്ഷനേതാവ് ദേവേന്ദ്ര ഫഡ്നാവിസ് നടത്തിയ നിശ്ശബ്ദ നീക്കങ്ങളാണ് ശിവസേനയെ രണ്ടു വഴികളിൽ എത്തിക്കുന്നത്. ഫഡ്നാവിസ് ഒരാഴ്ചയ്ക്കിടെ ഉന്നത കേന്ദ്രനേതാക്കളുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് വിശ്വാസവോട്ടിനുള്ള ഗവർണറുടെ തീരുമാനം പൊടുന്നനെ ഉണ്ടാവുന്നത്.

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിക്കുകയായിരുന്നു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു താക്കറെയുടെ രാജി അറിയിപ്പ് ഉണ്ടായത്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും എന്‍സിപി മേധാവി ശരത് പവാറും നല്‍കിയ പിന്തുണയ്ക്ക് നന്ദിയെന്നും താക്കറെ പറയുകയുണ്ടായി. സര്‍ക്കാര്‍ പിന്തുടര്‍ന്ന് ശിവജിയുടെ നയമാണെന്നും താക്കറെ പറഞ്ഞു.

അധികാരത്തില്‍ കടിച്ചു തൂങ്ങാനില്ല. ഒരു ശിവസേനക്കാരന്‍ പോലും എതിരാകുന്നത് സഹിക്കാനാവില്ല. ചെയ്തതെല്ലാം മറാത്തക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും വേണ്ടി. പദവി ഒഴിയുന്നതില്‍ ദുഃഖമില്ലെന്നും താക്കറെ പറഞ്ഞു. താന്‍ അധികാരത്തില്‍ വന്ന ശേഷം ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷമാണ് ഒഴിയുന്നതെന്നും പറഞ്ഞ താക്കറെ, യഥാര്‍ഥ ശിവസൈനികര്‍ തനിക്കൊപ്പമുണ്ടെന്നും, എന്ത് പ്രശ്‌നമുണ്ടെങ്കിലും വിമതര്‍ക്ക് ചര്‍ച്ച നടത്താമായിരുന്നെന്നും താക്കറെ ആവര്‍ത്തിക്കുകയും ചെയ്തു.

വിശ്വാസ വോട്ടെടുപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ശിവസേന സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു. മൂന്നേകാല്‍ മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ് ഉദ്ധവ് താക്കറെയെ രാജിയിലേക്ക് നയിക്കുന്ന സുപ്രീം കോടതിയിയുടെ നിര്‍ണായക വിധി ഉണ്ടാവുന്നത്. ശിവസേനയെ പുനരുജ്ജീവിപ്പിക്കുക എന്ന ഭാരിച്ച ദൗത്യം ആണ് ഉദ്ധവിനു മുന്നിൽ ഇപ്പോൾ ഉള്ളത്. നടക്കാനിരിക്കുന്ന മുംബൈ കോർപറേഷൻ തിരഞ്ഞെടുപ്പ് ഉദ്ധവിനു മറ്റൊരു വലിയ വെല്ലുവിളിയുമാകും. ശിവസേനയാണ് കോർപറേഷൻ 3 പതിറ്റാണ്ടിലേറെയായി ഭരിക്കുന്നത്. ഇതു പിടിച്ചെടുക്കൽ എന്നത് ബിജെപിയുടെ അടുത്ത ലക്ഷ്യം എന്നതും ശ്രദ്ധേയമാണ്.