ബ്രഹ്മപുരം തീപിടുത്തം: സ്‌മോൾ ഡറിങ്ങാണെന്ന ജില്ലാ ഭരണകൂടത്തിന്‍റെ വാദം തള്ളി വിദഗ്ധർ

തിരുവനന്തപുരം. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തതിന് കാരണം സ്‌മോൾ ഡറിങ്ങാണെന്ന ജില്ല ഭരണകൂടത്തിന്‍റെ വാദം തള്ളി വിദഗ്ധർ. ശാസ്ത്രീയ പഠനം നടത്താതെ തീപിടിത്തത്തിന്‍റെ കാരണം എങ്ങിനെ കണ്ടെത്തി എന്നാണ് ചോദ്യം. സ്‌മോൾ ഡറിങ്ങിനുള്ള സാധ്യത ബ്രഹ്മപുരത്തില്ലായിരുന്നെന്നും വിദഗ്ധർ പറയുന്നു. ശാസ്ത്രീയ പഠനങ്ങൾ പോലും നടത്താതെ തീപിടിത്തതിന് കാരണം സ്‌മോൾ ഡറിങ്ങാണെന്നു പറഞ്ഞു കൊച്ചിയിലെ ജനങ്ങളെ വിഷപ്പുക തീറ്റിച്ച് കടുത്ത ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളിയിട്ട സംഭവത്തിൽ നിന്ന് രക്ഷപെടാനുള്ള തന്ത്രമായിട്ടു വേണം ഇതിനെ കാണാൻ.

ബ്രഹ്മപുരത്തെ തീപിടിത്തത്തിന് കാരണം അട്ടിമറിയല്ലെന്നും രാസവിഘടന പ്രക്രിയയിലൂടെ പുറന്തള്ളുന്ന ചൂടു മൂലമുണ്ടാകുന്ന സ്മോൾ ഡറിംഗ് എന്ന പ്രതിഭാസമാണെന്നും ഹൈക്കോടതിയിലാണ് എറണാകുളം ജില്ല കളക്ടറായിരുന്ന രേണു രാജ് അറിയിച്ചത്. എന്നാൽ ഈ വാദം തള്ളുകയാണ് വിദഗ്ധർ. സ്‌മോൾഡറിംഗ് ഉണ്ടെങ്കിൽ കത്തുകയല്ല പുകയുകയാണ് ചെയ്യുക. അഗ്നിപർവ്വതങ്ങൾ കണ്ടിട്ടില്ലേ..ഒറ്റയടിക്കല്ല അവ പൊട്ടിത്തെറിക്കുക… ദീർഘകാലം പുകഞ്ഞ ശേഷമാണ് കത്തുക… ഇവിടെ അങ്ങനെയുണ്ടായിട്ടില്ല.. മാലിന്യം ചൂടേറ്റ് പുകഞ്ഞ അവസ്ഥയുണ്ടായിട്ടില്ല ആദ്യം തന്നെ കത്തുകയാണ് ചെയ്തത്.

സ്മോൾ ഡറിംഗ് നടക്കണമെങ്കിൽ ആദ്യം ഓക്സജിൻ്റെ സാന്നിധ്യം അതെങ്ങനെയുണ്ടായെന്ന് കളക്ടർ തന്നെ വിശദീകരിക്കണം എന്നാണ് – ഡോ.സി.എം റോയ്, കെ.എഫ്.ആർ.ഐ മുൻ രജിസ്ട്രാർ വ്യക്തമാക്കുന്നത്. പ്ലാസ്റ്റികിനൊപ്പം ജൈവമാലിന്യവും കൂടിക്കലർന്നുള്ള ലെഗസി മാലിന്യമാണ് ബ്രഹ്മപുരത്തുള്ളത്. പ്ലാസ്റ്റിക്കിന് സ്‌മോൾഡറിങ് സംഭവിച്ചാലും ജൈവമാലിന്യം കൂടിക്കലർന്ന് കിടക്കുന്നതിനാൽ കത്തി പിടിക്കുവാൻ സാധ്യത കുറവാണെന്നും വിദഗ്ധർ പറയുന്നു. ചൂട് ഇതിൽ കൂടുതലുള്ള കാലങ്ങളിലും സംസ്ഥാനത്ത് ഇതുവരെ സ്‌മോൾഡറിങ് സംഭവിച്ചിട്ടില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ബ്രഹ്മപുരം തീ ആളി കത്തുമ്പോഴും ബഹുമാനപ്പെട്ട മുഖ്യമന്ത്രി വിഷയത്തിൽ ഒന്നും അതുവരെ മിണ്ടിയിട്ടില്ല എന്നതും മറുവശത്ത് നിൽക്കുന്നുണ്ട്. ബ്രഹ്മപുരം തീപിടിത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിക്കാത്തതിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ കഴിഞ്ഞ ദിവസം രം​ഗത്ത് വന്നിരുന്നു. കോറാണ കാലത്ത് മലയാളികളെ ഉപദേശിച്ച പിണറായി വിജയൻ എന്തുകൊണ്ടാണ് ദുരന്ത മുഖത്തേയ്‌ക്ക് തിരിഞ്ഞു നോക്കാത്തതെന്നും മാലിന്യ സംസ്ക്കരണത്തിൽ ബന്ധുനിയമനം വരുത്തിവെച്ച ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പിണറായി വിജയന് ഒളിച്ചോടാൻ സാധിക്കില്ല എന്നും വി.മുരളീധരൻ തുറന്നടിച്ചത്. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രഹ്മപുരം തീപിടുത്തിൽ ജനം പ്രാണവായുവിനായി പരക്കം പായുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി എവിടെയാണ് എന്നതാണ് ചോദ്യം. ചിരട്ട കമഴ്‌ത്തിയിട്ടില്ലെങ്കിൽ കൊതുകു വരും എന്നു പോലും കൊറോണ കാലത്ത് മലയാളികളെ ഉപദേശിച്ച പിണറായി വിജയനാണ് എറണാകുളം ബ്രഹ്മപുരത്ത് ഇത്രവലിയ ദുരന്തമുഖമുണ്ടായിട്ടും ഒന്ന് തിരിഞ്ഞുപോലും നോക്കാത്തത്. മാലിന്യ സംസ്ക്കരണത്തിൽപ്പോലും നടത്തിയ ‘ബന്ധുനിയമനം’ വരുത്തിവച്ച ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പിണറായി വിജയൻ ഒളിച്ചോടുകയാണ്. കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടുത്തം നഗരത്തെയാകെ മലിനമാക്കിയിരിക്കുകയാണ്.

ഒരാഴ്ചയിലേറെയായി സർക്കാരിനോ ബന്ധപ്പെട്ട ഉന്നതർക്കോ ഇത് അണയ്ക്കാൻ സാധിച്ചിട്ടില്ല. വിഷപ്പുകയും അതിന്റെ ആഘാതവും മൂലം ജനങ്ങൾക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. ഈ മലിനവായു ശ്വസിച്ച് നിരവധി പേർക്ക് മാറാരോഗങ്ങൾ പിടിപെട്ടുകഴിഞ്ഞു. ഇത് വരുംതലമുറകളെയും ബാധിക്കാൻ സാധ്യതകളേറെയാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത്രയൊക്കെ സംഭവിച്ചിട്ടും ഒരു മാറ്റവുമില്ലാതെ നോക്കുകുത്തിയായിരിക്കുന്ന സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിച്ച് ,സാദാരണക്കാരായ പൊതുജനങ്ങൾ വരെ രം​ഗത്ത് വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തതിന് കാരണം സ്‌മോൾ ഡറിങ്ങാണെന്ന ജില്ല ഭരണകൂടത്തിന്‍റെ വിചിത്ര വാദം വിദഗ്ധർ തള്ളിയിരിക്കുന്നത്.