ബസ് ഉടമയെ മർദ്ദിച്ച സംഭവം, നിരുപാധികം മാപ്പ് പറയാമെന്ന് സിഐടിയു നേതാവ്

കോട്ടയം : ബസ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ തുറന്ന കോടതിയിൽ നിരുപാധികം മാപ്പ് പറയാമെന്ന് സിഐടിയു നേതാവ്. കോടതിയലക്ഷ്യത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അജയ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. തൊഴിൽ തർക്കത്തെ തുടർന്ന് തിരുവാർപ്പ്-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിൽ സിഐടിയു കൊടി കുത്തിയിരുന്നു. ജൂൺ 25-നാണ് കേസിനാസ്പദമായ സംഭവം.

ഇതേത്തുടർന്ന് വിമുക്തഭടനും സംരംഭകനുമായ രാജ് മോഹൻ ബസിന് മുന്നിൽ ലോട്ടറി വിൽപ്പന ആരംഭിച്ചിരുന്നു. രാജ് മോഹൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ പോലീസ് സംരക്ഷണത്തോടെ സർവീസ് നടത്താൻ അവസരമൊരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇത് വെല്ലുവിളിച്ച് സിഐടിയു- സിപിഎം നേതാക്കൾ രംഗത്തെത്തി.

കോടതി ഉത്തരവ് നടപ്പാക്കാൻ നേതാക്കൾ അനുവദിച്ചിരുന്നില്ല. രാവിലെ സർവീസ് നടത്താൻ എത്തിയ ബസ് ഉടമയേയും തൊഴിലാളികളേയും സിപിഎം നേതാക്കൾ തടഞ്ഞു. ഇവരെ വെല്ലുവിളിച്ച് ഭീഷണിപ്പെടുത്തി. ഞങ്ങൾ കുത്തിയ ചെങ്കൊടി അഴിച്ചിട്ട് ധൈര്യമുണ്ടെങ്കിൽ ബസ് എടുക്കെന്നായിരുന്നു നേതാക്കൾ വെല്ലുവിളിച്ചത്. പിന്നാലെ ഉടമയെ നേതാക്കൾ മർദിക്കുകയായിരുന്നു.