വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, കോടിയേരിയുടെ ഗണ്‍മാന്റെ മകന്‍ കുരുക്കില്‍, രക്ഷിക്കാന്‍ ഉന്നത ഇടപെടല്‍

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഗണ്‍മാന്റെ മകന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി പെണ്‍കുട്ടി. കോടിയേരി ബാലകൃഷ്ണന്റെ ഗണ്‍മാന്റെ മകന്‍ സാരംഗിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി മാഹിയില്‍ വെച്ച് കോടിയേരി ബലകൃഷ്ണന്റെ ഗണ്‍മാന്റെ മകന്‍ സാരംഗ് പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതി.

അതേസമയം പോലീസ് പ്രതിക്കെതിരെ നടപടി എടുക്കാന്‍ തയ്യാറാകുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. പ്രതിക്കെതിരെ പരാതി എടുക്കുന്നതിന് പകരം തന്നെ അപമാനിക്കുകയായിരുന്നു എന്ന് ഇരയായ പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകുന്നതിന് മുമ്പ് തന്നെ വിവാഹ വാഗ്ദാനം നല്‍കി സാരംഗ് പെണ്‍കുട്ടിയെ ചൂഷണത്തിന് ഇരയാക്കുകയായിരുന്നു.

ചതിക്കപ്പെട്ടു എന്ന് മനസിലായതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ കേസ് ഒഴിവാക്കാന്‍ ഉന്നതതലത്തില്‍ ഇടപെടല്‍ നടന്നെന്നും പണം വാഗ്ദാനം ചെയ്‌തെന്നും പെണ്‍കുട്ടി പറഞ്ഞു. ഇരയായ തന്നെ അപമാനിക്കുന്ന വിധത്തിലുള്ള നടപടിയാണ് പോലീസില്‍ നിന്നുണ്ടായത്. പരാതി നല്‍കിയിട്ടും പോലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായില്ല. പിന്നീട് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായതെന്നും പോലീസ് ആരോപിച്ചു.