ദേശീയപാതയിൽ ചിതറിക്കിടന്ന കോഴിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു

കൊച്ചി: കൊച്ചിയിൽ ദേശീയപാതയിൽ ചിതറിക്കിടന്ന കോഴിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. ഇന്ന് പുലർച്ചെയാണ് കുണ്ടന്നൂർ ഭാഗത്ത് റോഡിൽ കോഴിയുടെ അവശിഷ്ടങ്ങൾ ചിതറിത്തെറിച്ച നിലയിൽ കണ്ടെത്തിയത്. ആരെങ്കിലും മനപ്പൂര്‍വ്വം ഉപേക്ഷിച്ചിട്ട് പോയതാണോ എന്നറിയാൻ പൊലീസ് അന്വേഷണം തുടങ്ങി. കുണ്ടന്നൂർ കണ്ണാടിക്കാട് ദേശീയ പാതയിലാണ് സംഭവം. ഇരുനൂറ് മീറ്ററോളം ദൂരത്തിലാണ് കോഴിയുടെ അവശിഷ്ടങ്ങൾ റോഡുമുഴുവൻ ചിതറിക്കിടന്നിരുന്നത്. കടുത്ത ദുർഗന്ധവും ഉണ്ടായിരുന്നു. ഇതോടെയാണ് നഗരസഭാധികൃതരും പൊലീസും ദേശീയപാത ഉദ്യോഗസ്ഥരും എത്തിയത്.

കോഴികളുടെ മാംസം വിൽപ്പന നടത്തുന്നയിടത്തുനിന്ന് കൊണ്ടുപോയതെന്നാണ് കരുതുന്നത്. വാഹനത്തിൽ നിന്ന് അറിയാതെ ചിതറിത്തെറിച്ചതാണോ അതോ സാമുഹ്യവിരുദ്ധർ ആരെങ്കിലും മനപ്പൂര്‍വ്വം ഉപേക്ഷിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തുടർന്ന് നഗരസഭയിലെ ശുചീകരണ തൊഴിലാളികളെത്തി അവശിഷ്ടങ്ങൾ നീക്കം ചെയ്തു. വെളളം കൊണ്ടുവന്ന് റോഡ് കഴുകി വൃത്തിയാക്കി. ട്രാഫിക് ഐലന്‍റിലേയും ദേശീയ പാതയോരത്തെ കടകളിലേയും സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.