അണലി വിഷവും, കോവിഡിനേയും കീഴടക്കി ജസ്റ്റ് എസ്കേപ്പുമായി ഒന്നര വയസുകാരി

കണ്ണൂർ : കേരളമാകെ ഇന്ന് ആശ്വസിക്കുകയാണ് ഒരു മനുഷ്യ സ്നേഹിയുടെ വാത്സല്യത്തിൽ പുതുജീവൻ ലഭിച്ച ഒന്നരവയസ്സുകാരിയെ ഓർത്ത്. കോവിഡിനെയും വിഷപ്പാമ്പിനെയും ഒരുപോലെ അതിജീവിച്ചാണ് ആ കുരുന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറിയത്ബീ. ഹാറിൽ അധ്യാപകരായ ആ ദമ്പതികളും മക്കളും കാസർഗോടെ വീട്ടിൽ ക്വാറന്റൈനിലായിരുന്നു. അതിനിടയ്ക്കാണ്‌ ജനാലതുറക്കവേ മകൾ ഒന്നരവയസ്സുകാരിക്ക്‌ അണലിയുടെ കടിയേറ്റത്‌.

ജനാല തുറക്കവേയാണ് ബാലികയുടെ കൈരവിരലിൽ അണലിയുടെ കടിയേറ്റത്. സി.പി.എം. നേതാവും പൊതുപ്രവർത്തകനുമായ ജിനിൽ മാത്യുവാണ് കുഞ്ഞിനെ ആസ്പത്രിയിലെത്തിച്ചത്‌. ചികിത്സയ്ക്കിടെ നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്തതോടെ ഐ.സി.യു.വിൽനിന്ന് വാർഡിലേക്ക്‌ മാറ്റി. പാമ്പുകടിയേറ്റ കൈവിരൽ സാധാരണനിലയിലേക്ക്‌ വരികയും കോവിഡ്‌ രോഗമുക്തി നേടുകയും ചെയ്തതോടെയാണ് ഞായറാഴ്ച ആസ്പത്രി വിട്ടത്.

10 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക്‌ കോവിഡ്‌ ബാധിച്ചാൽ മാറ്റിയെടുക്കുക പ്രയാസകരമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പറയുന്നത്. നേരത്തെ ഒരുവയസ്സും 10 മാസവും പ്രായമുള്ള കുട്ടിയും രണ്ടുവയസ്സുള്ള മറ്റൊരു കുട്ടിയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിൽനിന്ന്‌ കോവിഡ്‌ രോഗമുക്തി നേടിയിട്ടുണ്ട്‌. ശിശുരോഗവിഭാഗം മേധാവി ഡോ. എം.ടി.പി. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ്‌ കുഞ്ഞിനെ ചികിത്സിച്ചത്‌.

കുഞ്ഞ് ക്വാറന്റീനിലായിരുന്നത് നോക്കാതെ പരമാവധി വേഗത്തിൽ ആസ്പത്രിയിലെത്തിച്ച ജിനിൽ മാത്യുവിന്റെ സാഹസികത അവളുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പൽ ഡോ കെ.എം. കുര്യാക്കോസിന്റെയും മെഡിക്കൽ സൂപ്രണ്ട്‌ ഡോ. കെ. സുദീപിന്റെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. കേരളമാകെ ഇന്ന് ആശ്വസിക്കുകയാണ്‌ – കോവിഡും വിഷപ്പാമ്പും തീർത്ത ആ മരണത്തിന്റെ നൂൽപ്പാലത്തിൽ നിന്നും ജീവിതത്തിലേക്ക് അവൾ മടങ്ങിയെത്തിയതിനെയോർത്ത്.