ദത്ത് നല്‍കിയത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ശിശുക്ഷേമ സമിതി

പേരൂര്‍ക്കടയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ വിശദീകരണവുമായി ശിശുക്ഷേമ സമിതി. ഒക്ടോബര്‍ 22,23 തീയതികളില്‍ രണ്ട് ആണ്‍കുഞ്ഞുങ്ങളെ ലഭിച്ചിരുന്നതായി ശിശുക്ഷേമ സമിതി വ്യക്തമാക്കി. എന്നാല്‍ ദത്ത് നല്‍കിയത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ശിശുക്ഷേമ സമിതി പറഞ്ഞു. പൊലീസിന് നല്‍കിയ മറുപടിയിലാണ് ശിശുക്ഷേമ സമിതിയുടെ വിശദീകരണം.

ഇതിനിടെ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. അമ്മ അനുമപമയുടെ പരാതിയിലാണ് ബാലാവകാശ കമ്മിഷന്‍ കേസെടുത്തത്. ഇക്കാര്യത്തില്‍ ശിശുക്ഷേമ സമിതിയോടും പൊലീസിനോടും കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അതേസമയം അനുപമയ്ക്ക് നീതി ഉറപ്പാക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു. കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ വകുപ്പ്തല അന്വേഷണം തുടങ്ങിയെന്നും കുഞ്ഞിനെ അമ്മയ്ക്ക് നല്‍കുന്നതാണ് അഭികാമ്യമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.അനുപമ പറയുന്ന കാലയളവില്‍ രണ്ട് കുട്ടികളെ ലഭിച്ചുവെന്നത് മന്ത്രിയും സ്ഥിരീകരിക്കുന്നു. ഇതില്‍ ഒരാളുടെ ഡിഎന്‍എ പരിശോധിച്ചപ്പോള്‍ അത് പരാതിക്കാരിയുടെ കുട്ടിയല്ലെന്ന് തെളിഞ്ഞതാണ്. അമ്മയ്ക്ക് നീതി കിട്ടാന്‍ വേണ്ട നിലപാട് സ്വീകരിക്കുമെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.