പാലിയേക്കരയില്‍ കോണ്‍ഗ്രസ് പ്രതിഷേധ, ഗേറ്റ് തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു

തൃശൂര്‍. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പ്രതിഷേധം. പാലിയേക്കര ടോള്‍ പിരിവിന്റെ പേരില്‍ ജിഐപിഎല്‍ നടത്തുന്നത് കൊള്ളയാണെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാര്‍ ടോള്‍ പ്ലാസയിലെ ബൂത്തിലെത്തി വാഹനങ്ങളെ ടോള്‍ കടക്കാതെ കടത്തി വിട്ടു.

അതേസമയം ഇഡി ജിഐപിഎല്ലിന്റെ 125 കോടിയുടെ നിക്ഷേപം കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് എത്തിയത്. ടിഎന്‍ പ്രതാപന്‍ എംപിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് വാഹനങ്ങള്‍ക്ക് ടോള്‍ ഗേറ്റ് തുറന്ന് നല്‍കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങളെ കടത്തിവിട്ടു.

നിലവില്‍ 1250 കോടി രൂപ ടോള്‍ പിരിവ് വഴി ഇതുവരെ പിരിച്ചു. 760 കോടിയാണ് റോഡ് പണിക്കായി ചെലവാക്കിയത്. അതേസമയം കമ്പനിക്ക് 2028വരെ പിരിക്കാന്‍ അനുമതിയുണ്ട്. കഴിഞ്ഞ ദിവസം പാലിയേക്കരയില്‍ 24 മണിക്കൂര്‍ ഇഡി റെയ്ഡ് നടത്തി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് ഇഡി കണ്ടെത്തിയിരുന്നു.

സര്‍വീസ് റോഡുകളോ ബസ് ബേകളോ ട്രക്ക് ബേകളോ കമ്പനി യാത്രക്കാര്‍ക്ക് അനുവദിച്ച് നല്‍കുന്നില്ലെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് സിബിഐയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.