‘യാചിച്ചവർക്ക് മാപ്പ് കി‌‌ട്ടി, പൊരുതിയവർക്ക് സ്വാതന്ത്ര്യവും’; കങ്കണയോട് കോൺ​ഗ്രസ്

ഡൽഹി: ഇന്ത്യക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നും 1947 ൽ ലഭിച്ചത് ഭിക്ഷയാണുമെന്ന നടി കങ്കണ റണൗത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വലിയ വിവാദമായിരുന്നു. സവർക്കറുൾപ്പെ‌ടെയുള്ളവരാണ് ഇന്ത്യക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം നേ‌ടാൻ വേണ്ടി പൊരുതിയവരെന്നും കോൺ​ഗ്രസ് പാർട്ടി ബ്രിട്ടീഷ് ഭരണത്തിന്റെ മറ്റൊരു രൂപമാണെന്നും കങ്കണ പറഞ്ഞിരുന്നു.

ഇപ്പോൾ ഇതിന് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് കോൺ​ഗ്രസ്. യാചിച്ചവർക്ക് മാപ്പ് കി‌‌ട്ടി, പൊരുതിയവർക്ക് സ്വാതന്ത്ര്യവും കിട്ടിയെന്നാണ് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത സംഭവം പരാമർശിച്ചു കൊണ്ട് കോൺ​ഗ്രസ് ‌ട്വീറ്റ് ചെയ്തിരിക്കുന്നത്.

കങ്കണയു‌ടെ പ്രസ്താവനയിൽ വലിയ പ്രതിഷേധമനാണ് കോൺ​ഗ്രസിൽ നിന്നുണ്ടാവുന്നത്. നടിക്ക് കഴിഞ്ഞ ദിവസം ലഭിച്ച പദ്മശ്രീ അവാർഡ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ മഹിളാ കോൺ​ഗ്രസ് പ്രസിഡന്റിന് കത്തയച്ചു. രാജ്യത്തെ ഭരണഘ‌ടനയെയോ നിയമത്തെയോ അനുസരിക്കാത്ത ഒരാൾക്ക് പദ്മ ശ്രീ പുരസ്കാരത്തിന് അർഹതയില്ലെന്ന് കത്തിൽ പറയുന്നു.