ഭാര്യ മയക്ക് മരുന്നിന് അടിമ, ദിവസങ്ങളോളം മറ്റുള്ളവരുടെ വീട്ടിലാണ് താമസം, ഭർത്താവ് യുവതിയെ വെട്ടിനുറുക്കി തള്ളി

ലക്നൗ. യുവതിയെ വെട്ടിക്കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ ആണ് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചത്. സംഭവത്തില്‍ പങ്കജ് മൗര്യ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജ്യോതി എന്ന സ്നേഹയെയാണ് പങ്കജ് മൗര്യ കൊലപ്പെടുത്തിയത്.

നവംബര്‍ എട്ടിന് സീതാപൂര്‍ പോലീസ് ജ്യോതിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഗുലാരിഹയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് പങ്കജ് മൗര്യ പിടിയിലാവുന്നത്. ഇയാളുടെ സുഹൃത്ത് ദുര്‍ജാന്‍ പാസിയും കേസിൽ അറസ്റ്റിലായിട്ടുണ്ട്.

തന്റെ ഭാര്യ മയക്കുമരുന്നിന് അടിമയാണെന്നും,ദിവസങ്ങളോളം മറ്റുള്ളവരുടെ വീട്ടിലാണ് ജ്യോതി താമസിക്കുന്നത് എന്നുമാണ് പങ്കജ് പോലീസിനോട് പറഞ്ഞത്. ഇതോടെ വിവാഹ ബന്ധം വഷളായി. ഭാര്യ തന്നെ ചതിക്കുകയാണെന്ന് സംശയം തോന്നിയതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത് – പങ്കജ് പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തിരിച്ചറിയാതിരിക്കാന്‍ വെട്ടി കഷ്ണങ്ങളാക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പങ്കജ് ഉപേക്ഷിച്ചു.