തെണ്ടി കുത്തുപാളയെടുക്കുമ്പോൾ മൂഢടക്കം ടൂർ, പഴയ യാത്രകൾ പലതും പാഴ്‍യാത്രകൾ.

അടുത്ത മാസം നടത്താനിരിക്കുന്ന മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിപ്പടയുടെ വിദേശസന്ദര്‍ശനം എന്തിനെന്ന ചർച്ചയാണ് നാടെങ്ങും നടക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള മന്ത്രിമാരുടെ വിദേശയാത്രയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. മന്ത്രിമാരുടെ വിദേശയാത്രകള്‍ അനാവശ്യമാണെ ന്നതിനു മുന്‍ കാല യാത്രകൾ തന്നെ ഉദാഹരണം. മുൻപ് നടത്തിയ യാത്രകളുടെയും അതിന്റെ ലക്ഷ്യങ്ങളും കേരളത്തിന് ആയാത്രകൾ കൊണ്ട് ഒരു ഫലവും കിട്ടിയില്ല എന്ന് നോക്കിയാൽ തന്നെ പണം പാഴാക്കുന്ന പാഴ്‌വേലയെന്നാണ് ഇതിനെ പറയാനാവുക. ധനമന്ത്രി എന്‍ ബാലഗോപാല്‍ പറഞ്ഞപോലെ പുറത്ത് പോയി മന്ത്രിമാരടങ്ങുന്ന സംഘം പഠിക്കുന്നതില്‍ തെറ്റില്ല, പക്ഷെ എന്തിന് പോയി പഠിക്കുന്നു എന്നുള്ള ചോദ്യമാണ് ജനങ്ങളുടെ ഭാഗത്തു നിന്നു ഇപ്പോൾ ഉയരുന്നത്. അതിനു കാരണം മുൻകാല യാത്രകളും കേരളത്തിന് കിട്ടിയ വട്ടപൂജ്യമെന്ന നേട്ടവുമാണ്.

പിണറായി വിജയന്‍ 2016 ല്‍ മുഖ്യമന്ത്രിയായ ശേഷം 15 ലേറെ വിദേശ യാത്രകളാണ് നടത്തിയത്. യുഎഇ, അമേരിക്ക, നെതര്‍ലെന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ബ്രിട്ടണ്‍, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കാൻ പോയത്. അമേരിക്കയിലേക്ക് പോയത് വൈറോളജി ഇന്‍സ്റ്റിട്യൂട്ടിന്റെ ചര്‍ച്ചകള്‍ക്കായിട്ടായിരുന്നു. മുഖ്യമന്ത്രിയും സംഘവും ആയിരുന്നു യാത്ര. കോവിഡും നിപയും നാടിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന അവസ്ഥയിലായിരുന്നു മുഖ്യന്റെ അമേരിക്ക സന്ദര്‍ശനം. എന്നത് ഏറെ ചർച്ചതന്നെയായി. ഇതിന്റെ തുടര്‍ച്ചയായി 2019 ഫെബ്രുവരിയില്‍ തിരുവനന്തപുരം തോന്നയ്ക്കലില്‍ വ്യവസായ വികസന കോര്‍പറേഷന് കീഴിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിന്റെ കേന്ദ്രം സ്ഥാപിച്ചതായി പ്രഖ്യാപനമുണ്ടായി. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ 1000 ദിനം പൂര്‍ത്തിയാക്കുന്നതിന്റെ സമ്മാനമായി വിശേഷിപ്പിക്കപ്പെട്ട പദ്ധതിയുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതുമാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈറസ് പരിശോധന പോലും ഇവിടെ നടത്താമെന്ന് പോലും അന്ന് വീമ്പിളക്കി. പക്ഷേ, ഒന്നും പൂര്‍ണതോതില്‍ നടപ്പാക്കാൻ ഇതുവരെ ആയിട്ടില്ല.

പോലീസ് നവീകരണം പഠിക്കാനായാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും യുഎഇ – ലേക്ക് യാത്ര ചെയ്തത്. നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ക്രമസമാധാനപാലന ചുമതലയുള്ള പോലീസ് സേനയെ നവീകരിച്ച് നവീകരിച്ച് കുട്ടിച്ചോറാക്കിയ അവസ്ഥായാണിന്ന്. സേനയിൽ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ സമാധാനം കാംക്ഷിക്കുന്നവര്‍ക്ക് സമാധാനക്കേടുണ്ടാക്കുന്ന തരത്തിലുള്ളതാണ്. പോലീസ് അതിക്രമങ്ങളും ഗുണ്ടാ – ലഹരിമരുന്ന് മാഫിയകളുടെ ആക്രമണങ്ങളും ലഹരിക്കേസുകളും സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുകയാണ് തുടർന്ന് ഉണ്ടായത്. ചില പോലീസ് ഉദ്യോഗസ്ഥർ പോലും ലഹരിമാഫിയയിലെ കണ്ണികളാണെന്ന വിവരങ്ങളാണ് വാർത്തകളാണ് പിന്നീട് പുറത്ത് വന്നത്. യുഎഇയിൽ പോയി ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ട നവീകരണം ഇതാണോ എന്ന് ജനമിന്നു ചോദിക്കുകയാണ്. ഗുണ്ടാ – ലഹരിമരുന്ന് മാഫിയകളുടെ ആക്രമണങ്ങളും ലഹരിക്കേസുകളും സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന കാര്യത്തിൽ മുഖ്യ മന്ത്രിയുടെ മൗനം തുടരുകയാണ്. യുഎഇ മുഖ്യമന്ത്രിയും സംഘവും പോയിക്കണ്ട പോലീസ് നവീകരണം സംസ്ഥാനത്ത് എങ്ങനെ പ്രാവര്‍ത്തികമാക്കിയെന്ന് സര്‍ക്കാര്‍ ഇന്നേ വരെ വിശദീകരിക്കാനും തയ്യാറായിട്ടില്ല.

മുഖ്യമന്ത്രിയുടെ നെതര്‍ലന്‍ഡ് സന്ദര്‍ശം സംസ്ഥാനത്ത് ഏറെ ചർച്ചകൾക്ക് ഇടയാക്കിയ ഒന്നാണ്. പ്രളയ പ്രതിരോധം പഠിക്കാനായാണ് പിണറായി വിജയന്‍ നെതര്‍ലന്‍ഡ് സന്ദര്‍ശിച്ചതെന്നായിരുന്നു പ്രചാരങ്ങൾ നടത്തിയത്. റൂം ഫോര്‍ റിവര്‍ അടക്കം പല മാതൃകകളും ഇക്കാര്യത്തിൽ വലിയ ചര്‍ച്ചയാവുകയും ചെയ്തു. പ്രളയ പ്രതിരോധം സംസ്ഥാനത്ത് എങ്ങനെ നടപ്പാക്കി എന്നുള്ളത് പോലും പറയാൻ സർക്കാരിന് അവസരം കൊടുക്കാതെയായിരുന്നു കൊച്ചിയിലെ പ്രളയഫണ്ട് സ്വന്തം പാർട്ടിക്കാർ അടിച്ചുമാറ്റി തിന്ന കഥ പുറത്ത് വരുന്നത്. ഖരമാലിന്യ സംസ്‌കരണം പഠിക്കുന്നതിനായാണ് മുഖ്യമന്ത്രിയും ഉദ്യോഗസ്ഥ സംഘവും സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശിച്ചതെന്നാണ് പറഞ്ഞിരുന്നത്. ആവിക്കല്‍ ഉള്‍പ്പെടുള്ള സമരങ്ങള്‍ ഇനിയും കേരളത്തില്‍ കെട്ടടങ്ങിയിട്ടില്ലെന്നുള്ളത് സന്ദര്‍ശനങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുകയാണ്..

സാമ്പത്തിക ആസൂത്രണത്തില്‍ വിദഗ്ദ്ധരുമായുള്ള ചര്‍ച്ച നടത്തി എന്തൊക്കെയോ ചെയ്തു കൂട്ടുമെന്ന് പറഞ്ഞായിരുന്നു ഫ്രാന്‍സിലേക്ക് പറന്നത്. ഫ്രാൻസിലെ ചർച്ച കഴിഞ്ഞു മടങ്ങി വന്നപ്പോൾ പുത്തൻ ആശയങ്ങളുമായി ഇപ്പോൾ എല്ലാം ശരിയാവും എന്നാണു ജനം പ്രതീക്ഷിച്ചിരുന്നത്. പിന്നെ കേരളത്തിന് കടക്കെണിയിൽ നിന്ന് നടുവൊന്നു നിവർത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളം കടക്കെണിയില്‍ മുങ്ങിയിട്ട് നിവരാനാകാതെ പിടയുന്ന അവസ്ഥായായിരിക്കുകയാണ് ഇപ്പോൾ. ലണ്ടനിലേക്ക് മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് കിഫ്ബി മസാല ബോണ്ട് ലോഞ്ചിംഗിന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു.

കേരളത്തെ തകര്‍ത്ത പ്രളയത്തില്‍നിന്നു കരകയറാന്‍ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിദേശ യാത്രകള്‍ എല്ലാം വെറുതെ ആയിരുന്നു. പണം ചെലവഴിക്കാനുള്ള പാഴ്വേലകൾ മാത്രമായിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ നിന്നു തന്നെ ഇക്കാര്യങ്ങൾ വ്യക്തവുമാണ്. ഗള്‍ഫ് യാത്രയ്ക്കായി 3,72,000 രൂപ ചെലവായെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തുകയുണ്ടായി. നിയമസഭയുടെ വെബ്‌സൈറ്റിലാണ് ഈ വിഷയത്തിലുള്ള മുഖ്യമന്ത്രിയുടെ മറുപടി പുറത്ത് വന്നത്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി 2018 ഒക്ടോബറിലാണു മുഖ്യമന്ത്രി ഗള്‍ഫ് രാജ്യങ്ങളില്‍ യാത്ര നടത്തുന്നത്. വിദേശ മലയാളികളുടെ സഹായം തേടിയായിരുന്നു യാത്ര. വിദേശ യാത്രയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാരാണു സഭയില്‍ ഇതേപ്പറ്റി ചോദ്യമുന്നയിച്ചത്. വിദേശ സന്ദര്‍ശനം വഴി നവകേരള നിര്‍മാണത്തിന് എത്ര തുക സമാഹരിക്കാനായി എന്നായിരുന്നു 2019 ജനുവരി 28ന് വിടി ബല്‍റാം എം എൽ എ യുടെ ചോദ്യം. അന്ന് സര്‍ക്കാര്‍ വ്യക്തമായി മറുപടി നൽകാൻ തയ്യാറായില്ല.

തുടർന്ന് വിവരാവകാശ നിയമപ്രകാരം ഉള്ള അപേക്ഷകളിലും മറുപടി നൽകിയില്ല. നവകേരള നിര്‍മാണത്തിനായി മുഖ്യമന്ത്രി യൂറോപ്പ് സന്ദര്‍ശിച്ച സമയത്ത് പ്രതിപക്ഷം വീണ്ടും ഇതേ ചോദ്യം ഉന്നയിക്കുകയുണ്ടായി. തുടര്‍ന്നാണു സഭാ വെബ്‌സൈറ്റില്‍ മുഖ്യമന്ത്രിയുടെ മറുപടി ഉണ്ടാവുന്നത്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സഹായം തേടി മുഖ്യമന്ത്രിയും നോര്‍ക്ക സെക്രട്ടറിയും ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നും യാത്രയ്ക്കായി 3,72,731 രൂപയും ഡിഎ ഇനത്തില്‍ 51,918 രൂപയും ചെലവായെന്നും മറുപടിയില്‍ പറഞ്ഞിരുന്നു. അന്നത്തെ വിദേശ യാത്രയ്ക്ക് മുഖ്യമന്ത്രിക്ക് മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ. മറ്റ് മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. പ്രളയദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2019 ജനുവരി 22 വരെ 3229.5 കോടി രൂപ ലഭ്യമായി. കേരളത്തിനകത്തുള്ളവരും മറ്റു സംസ്ഥാന സര്‍ക്കാരുകളും സംഘടനകളും വ്യക്തികളും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ തുകയായിരുന്നു ഇത്.

ലോക മാതൃകകള്‍ കണ്ടുപഠിക്കാന്‍ വിദേശ യാത്രകള്‍ അത്യാവശ്യമെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ വാദം. വിദേശ യാത്രകളും പഠനങ്ങളും സംസ്ഥാനത്തിന് ആവശ്യമാണ്. ലോകത്തുള്ള കാര്യങ്ങള്‍ കാണാന്‍ നമ്മള്‍ പോകണം. അത് പഠിക്കേണ്ടതുണ്ടെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരിക്കുന്നത്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കും ടൂറിസം വികസനത്തിനുമാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ വി ശിവന്‍കുട്ടി, പി രാജീവ്, കെ എന്‍ ബാലഗോപാല്‍, റിയാസ് എന്നിവരടങ്ങുന്ന സംഘം വിദേശത്തേക്ക് പോകാനൊരുങ്ങുന്നത് എന്നാണു പറഞ്ഞിരിക്കുന്നത്. ബ്രിട്ടന്‍, നോര്‍വെ, ഫിന്‍ലന്‍ഡ്, പാരീസ് എന്നീ രാജ്യങ്ങളിലേക്കാകും മന്ത്രിമാര്‍ പോകുക. വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കായി ഫിന്‍ലന്‍ഡ് സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് അവിടേക്ക് പോകുന്ന തെന്നും പറയുന്നു. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് കെ എന്‍ ബാലഗോപാലും പി രാജീവും ഉള്‍പ്പടെയുള്ളവര്‍ ബ്രിട്ടണിലേക്ക് പോകുന്നത്. നോര്‍വെയിലും മന്ത്രിമാര്‍ സന്ദര്‍ശനം നടത്തും. മന്ത്രി റിയാസും സംഘവും ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ ഒരു ടൂർ പോലെയാണ് പാരിസിലേക്ക് പോകുന്നത്.