റഫേൽ യുദ്ധവിമാന നിർമ്മാണക്കമ്പനി ഉടമ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു

റഫേൽ യുദ്ധവിമാന നിർമ്മാണക്കമ്പനി ഉടമ ഒലിവർ ദെസ്സോ (69) കൊല്ലപ്പെട്ടു; വടക്കന്‍ ഫ്രാന്‍സില്‍ ഉണ്ടായ ഹെലിക്കോപ്റ്റര്‍ അപകടത്തിലാണ് മരണം. അപകടത്തിൽ പൈലറ്റും കൊല്ലപ്പെട്ടു. ദെസ്സോ ഏവിയേഷന്‍ കമ്പനിയാണ് റഫാല്‍ യുദ്ധ വിമാനങ്ങളുടെ നിര്‍മാതാക്കൾ. ദെസ്സോ ഏവിയേഷന്‍ സ്ഥാപകന്‍ മാഴ്‌സല്‍ ദെസ്സോയുടെ കൊച്ചുമകനാണ് ഒലിവര്‍. ഒലിവര്‍ നിലവിൽ ദെസ്സോ ഗ്രൂപ്പിന്റെ സ്ട്രാറ്റജി, ഡവലപ്‌മെന്റ് പ്രസിഡന്റായിരുന്നു.

2002 മുതല്‍ ഫ്രഞ്ച് പാര്‍ലമെന്റിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമാണ് ഒലിവര്‍ ദെസ്സോ. ലോകത്തെ ധനാഢ്യന്മാരിൽ 361-ാം സ്ഥാനം അദ്ദേഹത്തിനായിരുന്നു. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ലേ ഫിഗാരോ എന്ന വർത്തമാന പത്രവും നിലവിലുണ്ട്. രണ്ട് സഹോദരന്മാരും സഹോദരിയുമുണ്ട്. ഒലിവറിന്റെ മരണത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അനുശോചിച്ചു. 69കാരനായ ദെസ്സോവിന്റെ മരണം ഫ്രാൻസിന്റെ വ്യവസായ രംഗത്ത് വലിയ നഷ്ടമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം റഫേൽ യുദ്ധവിമാന കമ്പനി ഉടമയുടെ ദുരൂഹമരണത്തിൽ ഫ്രഞ്ച് സർക്കാർ അന്വേഷണം തുടങ്ങി.