ചൂടു പോലും വകവെക്കാതെ ദിലീപിനെ കാണാൻ മലപ്പുറത്തെത്തിയത് വൻ ജനക്കൂട്ടം

മലപ്പുറം താനൂരിൽ ദിലീപ് അതിഥിയായി എത്തിയ ചടങ്ങിൽ പങ്കെടുത്തത് ആയിരങ്ങൾ. പൊരിവെയിലും ചൂടും വകവെക്കാതെയാണ് ഇവർ ഇവിടെ എത്തിച്ചേർന്നത്. ഇതിനു മുൻപും ദിലീപ് പല ചടങ്ങുകളിൽ ഉദ്‌ഘാടകനും മറ്റുമായി എത്തിയിരുന്നു എങ്കിലും ഇതുപോലൊരു മെഗാ ഇവന്റ് ആദ്യമായാണ്

താനൂരിലെ മാൾ ഉദ്‌ഘാടകനായി എത്തിയതാണ് ദിലീപ്. മാർച്ച് 31നായിരുന്നു ചടങ്ങ്. നടനെ കാണാൻ ഒട്ടേറെപ്പേർ വേദിയിൽ തടിച്ചുകൂടി. പരിപാടിക്കായി നിരത്തിയ സീറ്റുകൾ നിറഞ്ഞു കവിഞ്ഞ് യുവാക്കൾ പലരും തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മുകളിലും മറ്റുമായി കയറി നിന്നാണ് പരിപാടി കണ്ടത്

നടൻ ദിലീപിന്റെ ഒരു ചിത്രം തിയേറ്ററിൽ ഇറങ്ങിയിട്ട് നാല് വർഷങ്ങളാവാൻ പോകുന്നു. 2019 ക്രിസ്തുമസ് സീസണിൽ റിലീസ് ചെയ്ത ‘മൈ സാന്റ’ എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ തിയേറ്റർ റിലീസ് ചെയ്തത്. അന്ന് കൊച്ചുകുഞ്ഞായിരുന്ന മകൾ മഹാലക്ഷ്മിയെ മടിയിലിരുത്തി അച്ഛനും മകളും സാന്റ വേഷത്തിൽ പോസ് ചെയ്ത ചിത്രം ശ്രദ്ധ നേടിയിരുന്നു. നടനിൽ നിന്നും സംവിധായകനിലേക്കു മാറിയ വിനീത് കുമാറിന്റെ പുതിയ ചിത്രത്തിൽ നായകൻ ദിലീപാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഈ സിനിമയുടെ പൂജാ ചടങ്ങുകൾ നടന്നത്. മലയാള സിനിമയിലെ പ്രശസ്ത സംവിധായകർ ഉൾപ്പെടെ ചടങ്ങിൽ അതിഥികളായിരുന്നു. ദിലീപ്149 എന്നാണ് ചിത്രത്തിന് നൽകിയ താൽക്കാലിക പേര്.