യാത്രയ്ക്കിടെ ഡബിൾ ഡെക്കർ ബസിന് തീപിടിച്ചു, 2 മരണം, 29 പേർക്ക് പരിക്ക്

ഡൽഹി : യാത്രയ്ക്കിടെ ഡബിൾ ഡെക്കർ ബസിന് തീപിടിച്ച് അപകടം. സംഭവത്തിൽ രണ്ട് യാത്രക്കാർക്ക് ജീവൻ നഷ്ടമായി. ഡൽഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേയിലാണ് സംഭവം. യാത്രക്കാരുമായി പോവുകയായിരുന്ന ഡബിൾ ഡെക്കർ സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. അപകടത്തിൽ 29 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഡൽഹിയെയും ജയ്പൂരിനെയും ബന്ധിപ്പിക്കുന്ന പ്രധാന എക്‌സ്പ്രസ് വേയിൽ ജാർസ മേൽപ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്. മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണച്ചു.

അപകടത്തിൽ പരിക്കേറ്റവരെ ഗുരുഗ്രാമിലെ സെക്ടർ 10ലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർക്കെല്ലാം 30 മുതൽ 50 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.