കാട്ടാനകളെ ഉണ്ടാക്കിയത് പിണറായി അല്ല; ആനയെ പിടിക്കാന്‍ സതീശനെ ഏല്‍പിക്കാം: പരിഹസിച്ച് മണി

ഇടുക്കി : പൂപ്പാറയില്‍ കാട്ടാനശല്യത്തിനെതിരെ നിരാഹാരസമരം നടത്തുന്ന കോണ്‍ഗ്രസിനെതിരെ എംഎം മണി എംഎല്‍എ. കാട്ടാനകളെ ഉണ്ടാക്കിയത് പിണറായി വിജയനല്ല. സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. ആനയെ പിടിക്കാന്‍ വി.ഡി.സതീശനെ ഏല്‍പ്പിക്കാമെന്നും എംഎം മണി പരിഹസിച്ചു

‘വി.ഡി സതീശൻ ഏൽക്കട്ടെ. മുഖ്യമന്ത്രിയെ കണ്ടാൽ മതി. ആനയെ പിടിക്കാൻ സതീശനെ ഏൽപ്പിക്കാം. കാട്ടാനയുടെ കാര്യം എന്നാ ചെയ്യാനാ, മനുഷ്യനാണെങ്കിൽ നേരിടാം. ​സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്’.

‘കാട്ടാലന ശല്യം തടയുന്നത് സർക്കാരിന്റെ പരാജയമാണെന്നാണ് പറയുന്നത്. പിണറായി വിജയൻ ഉണ്ടാക്കിയതാണോ ഈ കാട്ടനയെയും കാട്ടുപ്പന്നിയെയും. സോണിയാഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ല. കാട്ടാന ശല്യം തടയാൻ സർക്കാർ എല്ലാം ചെയ്യുന്നുണ്ട്’ എന്ന് എം.എം മണി പറഞ്ഞു.

ഇതിനിടെ ഇടുക്കി മാങ്കുളത്ത് കാട്ടാന ആക്രമണം. ഏക്കറുകണക്കിന് കൃഷി ആനക്കൂട്ടം നശിപ്പിച്ചു. ഏലവും കമുകും ഉള്‍പ്പെടെയുള്ള കൃഷിയാണ് നശിപ്പിച്ചത്. മാങ്കുളം വിരിപ്പാറയിലാണ് സംഭവം. ആദിവാസികള്‍ താമസിക്കുന്ന ഇവിടെ കാട്ടാനശല്യം പതിവാണ്.. സമീപത്ത് നിരവധി കാട്ടാനകളുള്ള കാടായതിനാല്‍ പലപ്പോഴും ആനകള്‍ ഇറങ്ങിവരും. ഇന്നലെ രാത്രിയാണ് പ്രദേശത്ത് വീണ്ടും ആക്രമണം ഉണ്ടായത്.