ബെഹ്‌റ മൂന്നു കോടി തുലച്ചിട്ടും മുഖ്യനൊരു കൂസലുമില്ല.

തിരുവനന്തപുരം. മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സർവ്വീസിലിരിക്കെ ക്രമക്കേടുകൾ കാണിച്ച് സർക്കാരിനു അധിക ചെലവ് ഉണ്ടാക്കിയെന്ന ആരോപണം കനക്കുകയാണ്. കോടികൾ സർക്കാരിന് നഷ്ടമുണ്ടാക്കിയ ഉദ്യോഗസ്ഥനെതിരെ ചെറു വിരൽ അനക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല എന്നതാണ് അതിശയം ഉണ്ടാക്കുന്നത്. പിണറായി – ബെഹ്‌റ ബന്ധത്തിന്റെ ദൃഢതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഭാര്യയുടെ ജോലി സ്ഥലത്ത് അനുമതിയില്ലാതെ സുരക്ഷയ്‌ക്കായി പോലീസുകാരെ നിയമിച്ചത് വഴി സർക്കാർ ഖജനാവിലെ മൂന്ന് കോടിയോളം രൂപയാണ് ബെഹ്‌റ തുലച്ചത്. ടെക്‌നോ പാർക്കിലാണ് ബെഹ്‌റുടെ ഭാര്യ ജോലി ചെയ്തിരുന്നത്.

ടെക്‌നോപാർക്കിൽ 18 വനിതാ പോലീസുകാരെ ബെഹ്‌റ സുരക്ഷയ്‌ക്ക് അധികമായി നിയോഗിക്കുകയായിരുന്നു. ഇതിനായി സർക്കാരിന്റെ ഖജനാവിൽ നിന്ന് മൂന്ന് കോടിയോളം രൂപയാണ് ചെലവാക്കിയത്. ടെക്‌നോ പാർക്കിൽ സുരക്ഷയ്‌ക്കായി 22 പോലീസുകാരെ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ 18 വനിതാ പോലീസുകാരെക്കൂടി ബെഹ്‌റ നിർബന്ധിച്ച് ഏൽപ്പിക്കുകയാണ് ഉണ്ടായത്. 2017 മുതലാണ് ഈ സൗജന്യ സേവനം നടന്നിരിക്കുന്നത്. ബെഹ്‌റ വിരമിക്കുന്ന 2020 വരെ ഇത് തുടരുകയാണ് ഉണ്ടായത്. ഈ പണം ബെഹ്‌റയിൽ നിന്ന് പിടിക്കണമെന്ന വ്യവസായ സുരക്ഷാ സേനയുടെ ആവശ്യം സർക്കാർ അംഗീകരിക്കാൻ കൂട്ടാക്കിയില്ല.

തങ്ങൾ ആവശ്യപ്പെടാതെ നൽകിയ സുരക്ഷയ്‌ക്ക് പണം നൽകാനാവില്ലെന്നാണ് ടെക്‌നോപാർക്ക് അധികൃതർ പറഞ്ഞിരിക്കുന്നത്. ബെഹ്‌റയിൽ നിന്ന് പണം ഈടാക്കാനുള്ള നടപടി സർക്കാരും എടുക്കാൻ കൂട്ടാക്കുന്നില്ല. പോലീസ് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മിക്കാൻ അനുവദിച്ച 4.33 കോടി രൂപ വകമാറ്റിയ പോലീസ് മേധാവിക്കും ഉന്നത ഉദ്യോഗസ്ഥർക്കും വില്ലകൾ നിർമ്മിച്ച മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്‌ക്ക് ക്ളീൻ ചിറ്റ് നൽകിയതിൽ ധനവകുപ്പിൽ എതിർപ്പ് ഉണ്ടായിരുന്നു. എന്നാൽ ഈ എതിർപ്പിനെ മറികടന്നുകൊണ്ട് ബഹ്റയുടെ നടപടി മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഇക്കാര്യത്തിലും വിമർശനം ശക്തമാണ്.