ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരിയെയും പിണറായി വേട്ടയാടുന്നു; കൊന്നിട്ടും കലി തീരാത്ത ഫാസിസം: സന്ദീപ് വാര്യര്‍

കണ്ണൂര്‍. മുന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം അഭിപ്രായപ്രകടനം നടത്തിയവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഫാസ്റ്റിസ്റ്റ് നടപടികള്‍ക്കെതിരേ വീണ്ടും തുറന്നടിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കമ്യൂണിസ്റ്റ് ഗുണ്ടകള്‍ വെട്ടിനുറുക്കി കൊന്ന യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെടി ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരി ഗിരിജയാണ് സംസ്ഥാന സര്‍ക്കാര്‍ ഒരു കമന്റിന്റെ പേരില്‍ വേട്ടയാടുന്നത്.

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ട നിരുപദ്രവകരമായ ഒരു കമന്റ് ഉയര്‍ത്തിക്കാട്ടി കൂത്തുപറമ്പിലെ അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്തിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. കൂത്തുപറമ്പ് ഹൈസ്‌കൂള്‍ അദ്ധ്യാപികയായ ശ്രീമതി ഗിരിജ രണ്ട് മാസമായി ഒരു ആക്‌സിഡന്റിനെ തുടര്‍ന്ന് ഇരു കയ്യും ഒടിഞ്ഞ് കിടക്കുകയാണ് . ഫോണ്‍ എടുക്കുന്നതും ഭക്ഷണം വാരി കൊടുക്കുന്നതും എല്ലാം ഭര്‍ത്താവായ അജയ് കുമാറാണ്. അദ്ദേഹം ഭാര്യ ഗിരിജയുടെ മൊബൈലില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇട്ട നിരുപദ്രവമായ ഒരു കമന്റ് ഉയര്‍ത്തിയാണ് ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരിയെ വേട്ടയാടുന്നതെന്ന് സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തുന്നു.

അന്തരിച്ച നേതാവ് എന്ന നിലക്ക് ഉടനടി സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയനാക്കുന്നത് ധാര്‍മ്മികമല്ല എന്ന ബോധ്യമാണ് കോടിയേരിയെ വിമര്‍ശിക്കുന്നതില്‍ നിന്ന് ഞങ്ങളെ വിലക്കുന്ന ഏക ഘടകം.അല്ലാതെ പിണറായി വിജയന്റെ ഫാസിസ്റ്റ് ഭരണ നടപടികളോടുള്ള ഭയമല്ലെന്ന് സന്ദീപ് വാര്യര്‍ പറയുന്നു. ജീവിച്ചിരുന്ന കോടിയേരിക്ക് സ്വന്തം മക്കളുണ്ടാക്കിയ മാനക്കേടിന്റെ അത്രയൊന്നും മരണ ശേഷം ചിലര്‍ നടത്തിയ കമന്റുകള്‍ ഉണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം കുറിച്ചു. വേട്ടയാടല്‍ തുടര്‍ന്നാല്‍ കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതാവും വിമര്‍ശിക്കപ്പെടുമെന്ന് മനസ്സിലിരിക്ക ട്ടെയെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.