സാമ്പത്തിക ബാധ്യത, കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും ജീവനൊടുക്കിയത് മകന്റെ പിറന്നാൾ‌ത്തലേന്ന്

കൊല്ലം: വാഹനത്തിനു മുന്നിൽ ചാടി യുവതി മരിച്ചതിനു പിന്നാലെ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടത്തി. പുനലൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ വിളക്കുടി മീനംകോട് വീട്ടിൽ വിജേഷ് (42), ഭാര്യ രാജി (36) എന്നിവരാണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ആവണീശ്വരത്തു വാനിനുമുന്നിൽ ചാടി ഗുരുതര പരുക്കേറ്റ രാജി മരിച്ചതിന് പിന്നാലെ രാജേഷിനെ കാണാനില്ലായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്നലെ വൈകിട്ടോടെ വിജേഷിനെ ആയിരവില്ലിപ്പാറയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെന്നു പ്രാഥമിക നിഗമനം.

വിജേഷിനും രാജിയുടെ അമ്മയ്ക്കും ഹൃദ്രോഗ ചികിത്സയ്ക്കായി വലിയ തുക ചെലവായിരുന്നു. ഇതിനുവേണ്ടി മൈക്രോ ഫിനാൻസ് യൂണിറ്റുകളിൽ നിന്നും പലിശക്കാരിൽനിന്നും വായ്പയെടുത്തതായും പറയുന്നു. സംഭവദിവസവും മൈക്രോഫിനാൻസ് വായ്പയുടെ തിരിച്ചടവിനായി തുക സ്വരൂപിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നു പൊലീസ് പറയുന്നു.

വിജേഷിന്റെ ഷർട്ട് അരയിൽ ചുറ്റിയാണ് രാജി ബസിന് മുന്നിൽ ചാടിയത്. വിളക്കുടി ആയിരവില്ലി പാറയ്ക്ക് സമീപം കശുമാവിൽ രാജിയുടെ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു വിജേഷിന്റെ മൃതദേഹം. സാമ്പത്തിക ബാധ്യത സൂചിപ്പിക്കുന്ന കത്ത് വീട്ടിൽ നിന്ന് പൊലീസിന് കിട്ടി. വിജേഷിന്റെ മൃതദേഹത്തിനരികിൽ നിന്ന് വസ്തു പ്രമാണം അടങ്ങിയ ഫയലും മൊബൈൽ ഫോണും കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടന്നാണ് ബന്ധുക്കളുടെ ആരോപണം. പണം കടം വാങ്ങാനെന്ന പേരിലാണ് രാജി വീടുവിട്ടിറങ്ങിയതെന്നും ബന്ധുക്കൾ പറയുന്നു.

വിജേഷും രാജിയും ജീവനൊടുക്കിയത് മകന്റെ പിറന്നാൾ‌ത്തലേന്നാണ്. ഇവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിനു ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് കുന്നിക്കോട് പൊലീസ് അറിയിച്ചു. ഇരുവർക്കും 10 വയസുള്ള മകനും ആറു വയസുള്ള മകളുമുണ്ട്.