മാധ്യമപ്രവർത്തകയ്ക്കെതിരെ ഫേസ്‌ബുക്കിൽ അധിക്ഷേപ പോസ്റ്റ്, മുൻ സബ് ജഡ്ജി എസ്.സുദീപിനെതിരെ കേസെടുത്തു

മാധ്യമപ്രവർത്തകയ്ക്കെതിരെ ഫേസ്‌ബുക്കിൽ ലൈം​ഗിക അധിക്ഷേപം നടത്തിയ സംഭവത്തിൽ മുൻ സബ് ജഡ്ജി എസ്.സുദീപിനെതിരെ കേസെടുത്ത് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ്.

സഹപ്രവർത്തകയെ അപമാനിച്ചെന്ന് കാണിച്ച് ഏഷ്യാനെറ്റ് ന്യൂസ് മാനേജിങ് എഡിറ്റർ മനോജ് കെ ദാസ് നൽകിയ പരാതിയിലാണ് ഐപിസി 354 എ (1), ഐ ടി ആക്ടിലെ 67 വകുപ്പുകൾ പ്രകാരം ജുലൈ 21-ന് കേസ് എടുത്തത്.

2019 ഡിസംബറിലാണ് ആലപ്പുഴ എരമല്ലൂർ സ്വദേശിയായ എസ് സുദീപിനെതിരെ അന്വേഷണം ആരംഭിച്ചത്. അന്വേഷണ സംഘം അച്ചടക്ക നടപടിക്ക് നിർദേശം നൽകി. സമൂഹമാദ്ധ്യമങ്ങളിൽ ന്യായാധിപന്മാർക്ക് യോജിക്കാത്ത രീതിയിലുള്ള അഭിപ്രായ പ്രകടനം നടത്തിയെന്ന് കണ്ടെത്തിയ ഹൈക്കോടതി പിരിച്ചുവിടൽ നോട്ടീസ് നൽകി.

2023 ജുലൈ മൂന്നിനാണ് കേസിന് ആസ്പദമായ പോസ്റ്റ് മുൻ സബ് ജഡ്ജ് എസ് സുദീപ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇത്എസ് സുദീപിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് പരാതിക്കാരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ എസ് സുദീപ് ഫേസ്‌ബുക്കിലൂടെ നടത്തിയ പ്രതികരണങ്ങൾ നേരത്തെ വിവാദമായിരുന്നു.

കേന്ദ്രസർക്കാരിനെതിരെ ശബരിമല വിഷയത്തിൽ പ്രതികരിച്ച ഇദ്ദേഹത്തിനെതിരെ നിരവധി ഹർജികൾ ഹൈക്കോടതിയിലെത്തിയിരുന്നു. പിരിച്ചു വിട്ട അന്ന് മുതൽ സമൂഹമാദ്ധ്യമത്തിൽ ഇടതുപക്ഷത്തിനെതിരെ വിമർശനം ഉന്നയിക്കുന്നവർക്കെതിരെ സൈബർ ആക്രമണം നടത്തുകയാണ് ഇയാൾ. സൈബർ ഇടങ്ങളിൽ വ്യക്തിഹത്യ നടത്തുന്നതിന് സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ഹൈക്കോടതിയുടെ വിധികളേയും എസ് സുദീപ് സമൂഹമാദ്ധ്യമങ്ങളിൽ വിമർശിച്ചിരുന്നു.