പ്രായം പറഞ്ഞ് പുറത്താക്കി; പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് ജി.സുധാകരന്‍

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍.ആലപ്പുഴയിലെ സംഘടനാപ്രശ്‌നങ്ങളിലെ സിപിഐഎം നേതൃത്വത്തിന്റെ ഇടപെടലില്‍ ജി സുധാകരന് നീരസമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സുധാകരന്റെ കത്ത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കത്തുനല്‍കി. സുധാകരന്റെ ആവശ്യത്തിന് അംഗീകാരം നല്‍കിയ ജില്ലാ കമ്മിറ്റി സുധാകരന് പകരമായി മറ്റൊരു പ്രതിനിധിയെ ഉള്‍പ്പെടുത്തി.

എറണാകുളത്ത് സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുന്നതിന് തൊട്ടുമുന്‍പ് തന്നെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ജി സുധാകരന്‍ കത്തുനല്‍കിയിരുന്നു. പിന്നീട് ഈ കത്ത് പരിഗണിച്ചുകൊണ്ട് സുധാകരനെ പാര്‍ട്ടി നേതൃത്വം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

75 വയസ് എന്ന പ്രായപരിധി കര്‍ശനമാക്കിയപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ പുറത്തായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പ് വീഴ്ചയില്‍ സുധാകരനെതിരെ വിമര്‍ശനം വേണ്ടെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. സുധാകരന്‍ അടക്കം 13 പേരെയാണ് സിപിഐഎം സംസ്ഥാന സമിതിയില്‍ ഒഴിവാക്കിയത്. പ്രായം കര്‍ശനമായി നടപ്പാക്കിയതോടെയാണ് സുധാകരനെ ഒഴിവാക്കേണ്ടി വന്നതെന്നാണ് സിപിഐഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചത്.