പുനർനിയമന ആവശ്യം വന്നപ്പോൾ ചട്ടവിരുദ്ധമെന്ന് പറഞ്ഞിരുന്നു, മുഖ്യമന്ത്രി നേരിട്ടെത്തി സമ്മർദ്ദം ചെലുത്തി, നാട് കണ്ണൂരാണെന്ന് പറഞ്ഞു, ഗവർണർ

തിരുവനന്തപുരം: പുനർനിയമന ആവശ്യം വന്നപ്പോൾ തന്നെ ചട്ടവിരുദ്ധമെന്ന് പറഞ്ഞിരുന്നു, എന്നാൽ മുഖ്യമന്ത്രി നേരിട്ടെത്തി സമ്മർദ്ദം ചെലുത്തി. കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

മുഖ്യമന്ത്രി നേരിട്ട് ഓഫീസിൽ വന്നു. തന്റെ നാട് കണ്ണൂരാണെന്ന് അദ്ദേഹം പറഞ്ഞു. പുനർനിയമന ആവശ്യം വന്നപ്പോൾ തന്നെ ചട്ടവിരുദ്ധമെന്ന് പറഞ്ഞിരുന്നു. എജിയുടെ ഉപദേശമുണ്ടെന്ന് സർക്കാർ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഉപ​ദേശകൻ തന്നെ വന്നുകണ്ടുവെന്നും ​ഗവർണർ പറഞ്ഞു.

പുനർനിയമന ഉത്തരവിൽ ഒപ്പ് വെച്ചത് നിയമ വിരുദ്ധമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സർക്കാർ ഉപകരണമാക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് തുടരാൻ കഴിയുമോ എന്നത് ധാർമികമായ ചോദ്യമാണ്. ഇക്കാര്യം അവർ തീരുമാനിക്കട്ടെ. താൻ ആരുടേയും രാജി ആവശ്യപ്പെടുന്നില്ലെന്നും ഗവർണർ വിശദീകരിച്ചു.